< Back
Kerala
ഡോക്ടറെ കാണിക്കാനുളള കുറിപ്പടി ചുളുങ്ങി; ഒന്നര വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി
Kerala

ഡോക്ടറെ കാണിക്കാനുളള കുറിപ്പടി ചുളുങ്ങി; ഒന്നര വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി

Web Desk
|
21 Jan 2023 6:44 AM IST

എറണാകുളം മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ബന്ധുക്കള്‍ ഡിഎംഒയ്ക്ക് പരാതി നല്‍കി.

എറണാകുളം: ഡോക്ടറെ കാണിക്കാനുളള കുറിപ്പടി ചുളുങ്ങിയതിന്റെ പേരില്‍ ഒന്നരവയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. എറണാകുളം മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഡോക്ടര്‍ക്കിതിരെ ബന്ധുക്കള്‍ ഡിഎംഒയ്ക്ക് പരാതി നല്‍കി.

കൊച്ചങ്ങാടി സ്വദേശി അഫ്സല്‍-തസ്നി ദമ്പതികളുടെ ഒന്നരവയസ്സുകാരനായ മകനെ കടുത്ത പനിമൂലമാണ് ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിനെ പിടിച്ചിരുന്ന കയ്യില്‍ ചുളുങ്ങിയ നിലയിലുണ്ടായിരുന്ന കുറിപ്പടി കണ്ടതും വനിതാ ഡോക്ടര്‍ ക്ഷുഭിതയായെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കുഞ്ഞ് അവശനിലയിലായിട്ടും മറ്റൊരു ഒ പി ടിക്കറ്റ് എടുത്ത് പുതിയ കുറിപ്പടിയുമായി എത്തിയാലേ ചികിത്സിക്കാനാകൂ എന്ന് ഡോക്ടര്‍ പറഞ്ഞുവെന്ന് ബന്ധുക്കള്‍ പറയുന്നു.

പരാതി പറയാൻ ആശുപത്രിയിൽ സൂപ്രണ്ടും ആർ.എം.ഒയും ഇല്ലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് പൊതു പ്രവർത്തകര്‍ ഇടപെട്ടതോടെ മറ്റൊരു ഡോക്ടർ കുഞ്ഞിനെ ചികിത്സിച്ചു. എന്നാല്‍ ചികിത്സ നിഷേധം ഉണ്ടായിട്ടില്ലെന്നും കുറിപ്പടി ചുളുങ്ങിയത് ശ്രദ്ധയിൽപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Related Tags :
Similar Posts