< Back
Kerala
ചൂരൽമലയിൽ കടയും കച്ചവടവും നഷ്ടപ്പെട്ടവർക്ക് പ്രത്യേക പാക്കേജ് അനുവദിക്കും: മന്ത്രി കെ. രാജൻ
Kerala

ചൂരൽമലയിൽ കടയും കച്ചവടവും നഷ്ടപ്പെട്ടവർക്ക് പ്രത്യേക പാക്കേജ് അനുവദിക്കും: മന്ത്രി കെ. രാജൻ

Web Desk
|
30 July 2025 9:11 AM IST

ഇന്ത്യയിലെ ഏറ്റവും നല്ല മാതൃകയായി പുനരധിവാസ പദ്ധതി മാറുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു

വയനാട്: ചൂരൽമലയിൽ കടയും കച്ചവടവും നഷ്ടപ്പെട്ടവർക്ക് പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ. കച്ചവടം നഷ്ടപ്പെട്ടവർക്കായുള്ള പ്രത്യേക പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി മീഡിയവണിനോട് പറഞ്ഞു.

പുനരധിവാസപട്ടികയിൽ ഉൾപ്പെടാത്തവരുടെ കാര്യത്തിൽ രാഷട്രീയ തീരുമാനമെടുക്കും. ഉദ്യോഗസ്ഥ പരിശോധനക്ക് ശേഷം രാഷട്രീയ നേതൃത്വത്തിൻ്റെ ഇടപെടലുണ്ടാകുമെന്നും പടവെട്ടികുന്നുകാരുടെ അടക്കം അപേക്ഷകൾ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സമഗ്രമായ പുനരധിവാസമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ജനങ്ങളുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞാണ് പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്. ഒരു കുടുംബത്തിന്റെ പോലും വാടക മുടക്കിയിട്ടില്ല. പുനരധിവാസ പട്ടികയില്‍ ഇല്ലാത്തവരെ സര്‍ക്കാര്‍ ഉപേക്ഷിക്കില്ല. പുനരധിവസിപ്പിക്കേണ്ട വ്യാപാര സ്ഥാപനങ്ങള്‍ക്ക് സഹായം ഉറപ്പുവരുത്തും. വീടുകളുടെ നിര്‍മാണം ഡിസംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി കെ. രാജൻ അറിയിച്ചു.

ഇന്ത്യയിലെ ഏറ്റവും നല്ല മാതൃകയായി പുനരധിവാസ പദ്ധതി മാറുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ചെയ്യേണ്ട കാരയങ്ങളെല്ലാം സര്‍ക്കാര്‍ ഘട്ടം ഘട്ടമായി ചെയ്യുന്നുണ്ടെന്ന് എ.കെ ശശീന്ദ്രന്‍ പറഞ്ഞു. വയനാട് ദുരന്തത്തില്‍പ്പെട്ടവരെ ക്യാമ്പുകളില്‍ നിന്ന് പെട്ടെന്ന് തന്നെ വാടക വീടുകളിലേക്ക് മാറ്റാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Posts