< Back
Kerala
ഇടുക്കി ഇടമലക്കുടിയിലെ ആദിവാസി സ്ത്രീക്ക് ജീപ്പിനുള്ളിൽ സുഖപ്രസവം
Kerala

ഇടുക്കി ഇടമലക്കുടിയിലെ ആദിവാസി സ്ത്രീക്ക് ജീപ്പിനുള്ളിൽ സുഖപ്രസവം

Web Desk
|
14 Feb 2025 9:12 PM IST

ഇടമലക്കുടിയിൽ നിന്ന് അടിമാലിയിലെത്തണമെങ്കിൽ കാനനപാതകൾ താണ്ടി നാൽപ്പത് കിലോമീറ്ററിലധികം സഞ്ചരിക്കണം

അടിമാലി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് ജീപ്പിനുള്ളിൽ സുഖപ്രസവം. ഇടുക്കി ഇടമലക്കുടി സ്വദേശി ബിന്ദുവാണ് ജീപ്പിനുള്ളിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ച അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

പ്രസവ സംബന്ധമായ ആവശ്യങ്ങൾക്കായി ഒരാഴ്ച്ച മുമ്പാണ് ബിന്ദുവും കുടുംബവും മാങ്കുളം ആനക്കുളത്തെ വാടക വീട്ടിൽ താമസം തുടങ്ങിയത്. ഈ മാസം 22ന് ആശുപത്രിയിലെത്താനായിരുന്നു നിർദേശം. ഇന്ന് ഉച്ചയോടെ യുവതിക്ക് പ്രസവവേദന തുടങ്ങിയതോടെ മാതാപിതാക്കൾ ജീപ്പിൽ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് പുറപ്പെട്ടു. വിരിപാറയിലെത്തിയതോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ബിന്ദു ജീപ്പിനുള്ളിൽ വച്ച് ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന അമ്മ മീനാക്ഷിയാണ് പ്രസവ ശുശ്രൂഷകൾ നടത്തിയത്. പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിൽ എത്തിച്ചു.

ഇടമലക്കുടിയിൽ നിന്ന് അടിമാലിയിലെത്തണമെങ്കിൽ കാനനപാതകൾ താണ്ടി നാൽപ്പത് കിലോമീറ്ററിലധികം സഞ്ചരിക്കണം. മീൻകുത്തിയിൽനിന്ന് ആനക്കുളത്തേക്കുള്ള മൂന്ന് കിലേമീറ്റർ റോഡ് ഗതാഗതയോഗ്യമാക്കിയാൽ എളുപ്പത്തിൽ അടുത്ത പട്ടണമായ അടിമാലിയിലെത്താമെന്നാണ് നാട്ടുകാർ പറയുന്നത്.

Similar Posts