< Back
Kerala
തൃശൂരിൽ കെഎസ്ആർടിസി ബസിൽ യുവതി പ്രസവിച്ചു
Kerala

തൃശൂരിൽ കെഎസ്ആർടിസി ബസിൽ യുവതി പ്രസവിച്ചു

Web Desk
|
29 May 2024 4:30 PM IST

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അറിയിച്ചു.

തൃശൂർ: പേരാമംഗലത്ത് വച്ച് കെഎസ്ആർടിസി ബസിൽ യുവതി പ്രസവിച്ചു. അങ്കമാലിയിൽ നിന്ന് തൊട്ടിൽപാലത്തേക്ക് വരികയായിരുന്ന ബസ് പേരമംഗലത്ത് എത്തിയപ്പോഴാണ് യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ബസ് തിരിച്ച് അമല ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലേക്ക് എത്തിച്ചു. ഈ സമയത്തിനുള്ളിൽ തന്നെ പ്രസവത്തിന്റെ പകുതി ഘട്ടത്തിലേക്ക് എത്തിയിരുന്നു. ഉടൻ ആശുപത്രിയിലെ ഡോക്ടർമാരും നേഴ്സുമാരായ ദേവികയും, പോൺസിയും ചേർന്ന് യാത്രക്കാരെ പുറത്തിറക്കിയ ശേഷം ബസിനുള്ളിൽ വെച്ച് തന്നെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തു.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അറിയിച്ചു. മലപ്പുറം സ്വദേശിയായ യുവതി പെൺകുഞ്ഞിനാണ് ജന്മം നൽകിയത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. അടുത്തമാസം ആയിരുന്നു യുവതിയുടെ പ്രസവ തീയതി. ബസ് ജീവനക്കാരുടെയും യാത്രക്കാരുടേയും അമല ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരുടെയും സമയോചിത ഇടപെടലാണ് ബസിൽ ആണെങ്കിലും യുവതിക്ക് സുഖപ്രസവത്തിന് വഴിയൊരുക്കിയത്.

Similar Posts