< Back
Kerala
തമിഴ്നാട് സ്വദേശിയുടെ ആക്രമണത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Kerala

തമിഴ്നാട് സ്വദേശിയുടെ ആക്രമണത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Web Desk
|
15 April 2025 12:54 PM IST

ബേഡകത്ത് പലചരക്ക് കട നടത്തുന്ന രമിതയാണ് മരിച്ചത്

കാസർകോട്: തമിഴ്നാട് സ്വദേശിയുടെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. ബേഡകത്ത് പലചരക്ക് കട നടത്തുന്ന രമിതയാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് മദ്യലഹരിയിൽ എത്തിയ പ്രതി രാമാമൃതം തിന്നർ ഒഴിച്ച് തീ കൊളുത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് മുന്നാട് മണ്ണടുക്കയിലായിരുന്നു സംഭവം. പലചരക്ക് കടയിൽ എത്തിയ തമിഴ്നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം രമിതയെ തിന്നറൊഴിച്ച് തീകൊളുത്തുകയായിരുന്നു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ രമിതയെ ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നതിനാൽ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

60 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയാണ് മരണത്തിന് കീഴടങ്ങിയത്. റിമാൻഡിൽ കഴിയുന്ന പ്രതി രാമാമൃതത്തിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും. രാമാമൃതം മദ്യപിച്ച് കടയിൽ വന്ന് പ്രശ്നമുണ്ടാക്കുന്നതിനാൽ യുവതി കെട്ടിട ഉടമയ്ക്ക് നേരത്തെ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് കട ഒഴിയാൻ ഉടമ രാമാമൃതത്തോട് ആവശ്യപ്പെട്ടു. ഇതിലുള്ള വിരോധമാണ് അക്രമണത്തിന് കാരണം. ഒരു വർഷമായി പ്രതി ഇവിടെ സ്ഥാപനം നടത്തി വരികയായിരുന്നു. കട ഒഴിഞ്ഞ് സാധനവുമായി പോകുന്നതിനിടെയാണ് തീ കൊളുത്തിയത്.

Similar Posts