< Back
Kerala
കൗൺസിലർ കലാരാജു സിപിഎം ഓഫീസിൽ; തട്ടിക്കൊണ്ട് പോയതിൽ കേസെടുത്ത് പൊലീസ്
Kerala

കൗൺസിലർ കലാരാജു സിപിഎം ഓഫീസിൽ; തട്ടിക്കൊണ്ട് പോയതിൽ കേസെടുത്ത് പൊലീസ്

Web Desk
|
18 Jan 2025 5:03 PM IST

യുഡിഎഫ് അംഗങ്ങൾക്കൊപ്പം എത്തിയ എൽഡിഎഫ് കൗൺസിലറെ സിപിഎം പ്രാദേശിക നേതാക്കൾ കടത്തിക്കൊണ്ടു പോവുകയായിരുന്നു.

കൊച്ചി: കൂത്താട്ടുകുളം നഗരസഭയിൽ നിന്ന് കടത്തിക്കൊണ്ട് പോയ എൽഡിഎഫ് കൗൺസിലർ കലാരാജു സിപിഎം ഓഫീസിൽ നിന്ന് പുറത്തേക്ക് വന്നു. ശാരീരിക അവശതകൾ ഉണ്ടെന്ന് പുറത്തുവന്നതിന് പിന്നാലെ കലാരാജു പ്രതികരിച്ചു.

കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം പരിഗണിക്കുന്നതിന് തൊട്ടുമുൻപായിരുന്നു നാടകീയരംഗങ്ങൾ. യുഡിഎഫ് അംഗങ്ങൾക്കൊപ്പം എത്തിയ എൽഡിഎഫ് കൗൺസിലറെ സിപിഎം പ്രാദേശിക നേതാക്കൾ കടത്തിക്കൊണ്ടു പോയി.

എൽഡിഎഫ് കൗൺസിലർ കലാ രാജുവിനെ പൊലീസ് നോക്കി നിൽക്കെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. കലാരാജു എൽഡിഎഫ് ഭരണ സമിതിക്കെതിരായ അവിശ്വാസ പ്രമേയത്തിൽ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാൻ എത്തിയത് എന്നാണ് യുഡിഎഫ് വ്യക്തമാക്കുന്നത്.

കലാ രാജുവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മകൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ കൂത്താട്ടുകുളം പോലീസ് കേസെടുത്തിട്ടുണ്ട്. സി.പി.എം ഏരിയ സെക്രട്ടറി, നഗരസഭാ ചെയർപേഴ്സൺ, വൈസ് ചെയർമാൻ, സി.പി.എം ലോക്കൽ സെക്രട്ടറി, കൗൺസിലർ എന്നിവരും കണ്ടാലറിയാവുന്ന 45 പേരെയും പ്രതിചേർത്തു. തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്.

നഗരസഭ ചെയർപേഴ്‌സന്റെ ഔദ്യോഗിക വാഹനത്തിൽ നിന്നാണ് കൗൺ‌സിലറെ കടത്തിക്കൊണ്ടുപോയത്. നഗരസഭയ്ക്കുള്ളിലേക്ക് യുഡിഎഫ് കൗൺസിലർമാരെ കയറാൻ സമ്മതിക്കാതെയായിരുന്നു എൽഡിഎഫ് അംഗങ്ങൾ പ്രശ്‌നം ഉണ്ടാക്കിയത്. നഗരസഭക്ക് മുന്നിൽ പ്രവർത്തകർ സംഘടിച്ചത് നേരിയ സംഘർഷവാസ്ഥ സൃഷ്‌ടിച്ചു. പ്രവർത്തകർ പൊലീസ് സ്റ്റേഷനും ഉപരോധിച്ചിരുന്നു.

Similar Posts