< Back
Kerala
നമ്മുടെ സ്ഥാപനങ്ങളിൽ എല്ലാ വിഭാഗക്കാർക്കും പൂർണ മതസ്വാതന്ത്ര്യമുണ്ട്, ഹിജാബ് വിലക്കിൽ വർഗീയ മുതലെടുപ്പിന് അവസരമൊരുക്കരുത്: ഹക്കീം അസ്ഹരി
Kerala

നമ്മുടെ സ്ഥാപനങ്ങളിൽ എല്ലാ വിഭാഗക്കാർക്കും പൂർണ മതസ്വാതന്ത്ര്യമുണ്ട്, ഹിജാബ് വിലക്കിൽ വർഗീയ മുതലെടുപ്പിന് അവസരമൊരുക്കരുത്: ഹക്കീം അസ്ഹരി

Web Desk
|
19 Oct 2025 4:13 PM IST

'രാഷ്ട്രീയപരമായ മുതലെടുപ്പുകൾക്ക് ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാനുള്ള വിവേകമാണ് നമുക്കുണ്ടാകേണ്ടത്'

കോഴിക്കോട്: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് എസ്‌വൈഎസ്‌ കാന്തപുരം വിഭാഗം സംസ്ഥാന പ്രസിഡൻ്റ് ഡോ. അബ്ദുൾ ഹക്കീം അസ്ഹരി. നമ്മുടെ സ്ഥാപനങ്ങളിൽ എല്ലാ വിഭാഗക്കാർക്കും പൂർണ മതസ്വാതന്ത്ര്യമുണ്ടെന്നും ഹിജാബ് വിലക്കിൽ വർഗീയ മുതലെടുപ്പിന് അവസരമൊരുക്കരുതെന്നും അബ്ദുൾ ഹക്കീം അസ്ഹരി പറഞ്ഞു.

നമ്മുടെ സ്ഥാപനങ്ങളിലെല്ലാം ക്രിസ്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഹിന്ദുക്കൾ പഠിക്കുന്നുണ്ട്. ശബരിമലയിൽ പോകുന്ന കാലത്ത് ഹിന്ദുക്കൾക്ക് കറുത്ത വസ്ത്രം ധരിക്കുന്നതിന് അവർക്ക് ഒരു മാസമോ, രണ്ടു മാസമോ ഒക്കെ കറുത്ത വസ്ത്രം ധരിച്ചു വരുന്നതിന് നമ്മുടെ കലാലയങ്ങളിൽ യാതൊരു വിലക്കും ഏർപ്പെടുത്താറില്ല. എന്നല്ല, അതൊരു ആദരവോടു കൂടിയാണ് കാണുന്നത്. പൊട്ടു തൊട്ടു വരുന്ന കുട്ടികളുണ്ട്. കുരിശു ധരിച്ചു വരുന്നവരുണ്ട്. കുരിശു ധരിക്കൽ അവരുടെ മതത്തിൻ്റെ ഒരു എസ്സെൻഷ്യൽ ഭാഗം ഒന്നും അല്ലെങ്കിൽ പോലും അവരുടെ രാജാചാരത്തിൻ്റെ ഭാഗമായി ചില കുടുംബത്തിൽ പെട്ടവർ വിദ്യാർത്ഥികൾ പോലും കുരിശു ധരിച്ചു വരിക എന്ന് വരുമ്പോൾ അതിനെ തടയാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്ലിം മാനേജ്മെൻ്റ് സ്കൂളുകളിൽ തൊപ്പി ധരിക്കുന്നത് ചിലയിടങ്ങളിൽ അത് യൂണിഫോമിൻ്റെ ഭാഗമായിട്ട് പുസ്തകങ്ങളിൽ, പ്രോസ്പെക്ടസുകളിൽ എഴുതി വെച്ചിട്ടുള്ളതാണ്. അതുപോലെ പെൺകുട്ടികൾക്ക് തലമറക്കുന്നതും എഴുതി വെച്ചിട്ടുള്ളതാണ്. എന്നാൽ അതേ സ്കൂളിൽ വരുന്ന അമുസ്ലിം വിദ്യാർത്ഥികളെ തൊപ്പി വെക്കാനോ, വിദ്യാർത്ഥിനികളെ തലമറക്കാനോ നിർബന്ധിക്കാറില്ല എന്ന് മാത്രമല്ല, ചെറിയൊരു പ്രേരണ പോലും അവർക്ക് നൽകാറില്ല. കാരണം അത് അവരുടെ മതത്തിൻ്റെയോ, ആചാരത്തിൻ്റെയോ സ്വാതന്ത്ര്യമാണ്. അത് അവർ പാലിച്ചു കൊള്ളട്ടെ എന്ന് തന്നെയാണ് വെക്കുന്നത്. അങ്ങനെയാണ് വെക്കേണ്ടതും. ക്രിസ്ത്യാനികളും ഒട്ടുമിക്ക സ്ഥലങ്ങളിലും അങ്ങനെ തന്നെയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ട് ഇതൊരു മതത്തിൻ്റെ പ്രശ്നമാക്കി എടുത്ത് വർ​ഗീയമായ വൽക്കരിച്ച് രാഷ്ട്രീയപരമായ മുതലെടുപ്പുകൾക്ക് ആര് ശ്രമിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാനുള്ള വിവേകമാണ് നമുക്കുണ്ടാകേണ്ടത് എന്നാണ് എനിക്കിവിടുത്തെ എല്ലാ ജാതി മതസ്ഥരോടും ഈ ഭാരതത്തിൻ്റെ മുഴുവൻ പൗരന്മാരോടും ഓർമ്മപ്പെടുത്താനുള്ളതെന്നും ഹക്കീം അസ്ഹരി

വ്യക്തമാക്കി.

Similar Posts