< Back
Kerala
അബ്ദുറഹ്മാൻ രണ്ടത്താണി  ലീഗിൽ തുടരും; പാണക്കാട്ടെത്തി അബ്ബാസലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി
Kerala

അബ്ദുറഹ്മാൻ രണ്ടത്താണി ലീഗിൽ തുടരും; പാണക്കാട്ടെത്തി അബ്ബാസലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി

Web Desk
|
19 March 2026 7:13 AM IST

ഇതോടെ അബ്ദുറഹ്മാൻ രണ്ടത്താണിയെ എൽഡിഎഫ് സ്ഥാനാർഥിയാക്കാനുള്ള സിപിഎമ്മിന്‍റെ ശ്രമം വിഫലമായി

മലപ്പുറം: അബ്ദുറഹ്മാൻ രണ്ടത്താണി മുസ്‌ലിം ലീഗിൽ തുടരും. പാണക്കാട്ടെത്തി അബ്ബാസലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരം ഇന്നലെ രാത്രിയാണ് പാണക്കാട് എത്തിയത്. മുസ്‌ലിം ലീഗിൽ തുടരുമെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി അറിയിച്ചു. ഇതോടെ അബ്ദുറഹ്മാൻ രണ്ടത്താണിയെ എൽഡിഎഫ് സ്ഥാനാർഥിയാക്കാനുള്ള സിപിഎമ്മിന്‍റെ ശ്രമം വിഫലമായി.

രണ്ടത്താണി തിരൂരങ്ങാടിയിൽ എൽഡിഎഫ് സ്ഥാനാർഥി ആയേക്കുമെന്നായിരുന്നു ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ട്. സി പി എം നേതാക്കള്‍ രണ്ടത്താണിയുമായി ചര്‍ച്ച നടത്തിയിരുന്നു. പി.എം.എ സമീറിനെ തിരൂരങ്ങാടിയില്‍ ലീഗ് സ്ഥാനാര്‍ഥിയാക്കിയതിനെതിരെ രണ്ടത്താണി നേരത്ത രംഗത്ത് എത്തിയിരുന്നു. ഒരു കമ്മിറ്റിയും ആവശ്യപ്പെടാതെയാണ് സമീറിനെ സ്ഥാനാര്‍ഥിയാക്കിയതെന്നാണ് അബ്ദുറഹ്മാന്‍ പറഞ്ഞത്. അര്‍ഹതയുള്ളവരെ തഴഞ്ഞുവെന്നും ഇതിന്റെ മാനദണ്ഡം ചോദ്യം ചെയ്താല്‍ അച്ചടക്കലംഘനമായി കാണരുതെന്നും രണ്ടത്താണി ഫേസ്ബുക്കില്‍ വിമര്‍ശിച്ചിരുന്നു.

പാർട്ടിയിലെ ആഭ്യന്തര വിഷയങ്ങളിലാണ് അഭിപ്രായം പറഞ്ഞതെന്ന് രണ്ടത്താണി പറഞ്ഞു. അഭിപ്രായം പ്രകടിപ്പിക്കാൻ സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ഏത് മാർഗവും സ്വീകരിക്കുന്നതിൽ തെറ്റില്ല. നേതൃത്വത്തിൽ വിശ്വാസമുണ്ട്. പ്രശ്നങ്ങൾ കൂടുതൽ നേതാക്കളെ അറിയിക്കും. പാണക്കാട്ടേക്ക് പോകാൻ ആരും ക്ഷണിക്കേണ്ടതില്ല. എനിക്ക് വേണ്ടി എൽഡിഎഫ് ഏതു സീറ്റും ഒഴിച്ചിട്ടു. ഞാൻ അടിയുറച്ച ലീഗുകാരനാണ്. ഒരു ലീഗുകാരന്‍റെ പ്രശ്നം പരിഹരിക്കാൻ പറ്റാത്ത പാർട്ടിയല്ല മുസ്‍ലിം ലീഗെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Similar Posts