പി.എം.എ സമീർസാമ്പത്തിക മാനേജ്മെന്റ് വിദഗ്ധൻ, ലീഗിന്റെ ഫണ്ട് മാനേജർ, വാർത്തകളിൽ നിറയുന്ന പി.എം.എ സമീറിനെ അറിയാം
|ലീഗിന്‍റെ കൊണ്ടോട്ടി മണ്ഡലം സെക്രട്ടറിയായി നിയമിതനായ സമീര്‍ സംസ്ഥാന കൗണ്‍സില്‍ അംഗമായും ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും മാറി
മലപ്പുറം: മുസ്‍ലിം ലീഗ് രാഷ്ട്രീയം സൂക്ഷ്മമായി ശ്രദ്ധിക്കുന്നവര്‍ക്കല്ലാതെ തിരൂരങ്ങാടിയിലെ സ്ഥാനാര്‍ത്ഥി പി.എം.എ സമീറിനെ അറിയാന്‍ വഴിയില്ല. കൊണ്ടോട്ടി വാഴയൂര്‍ സ്വദേശിയായ സമീര്‍, കന്പനി സെക്രട്ടറിയാണ്. തൊഴിൽ രംഗത്ത് ഇതിനകം വ്യക്തിമുദ്ര പതിപ്പിച്ച സമീർ ചെറുപ്പം മുതൽ ലീഗ് രാഷ്ട്രീയത്തിൽ സജീവമായിരുന്നു.
മുസ്‍ലിം ലീഗ് രാഷ്ട്രീയത്തിൽ ഒന്നരപ്പതിറ്റാണ്ടിനിടെ നേതൃനിരയിലേക്ക് ഉയർന്നുവന്ന സമീർ ഫാറൂഖ് കോളേജ് പഠനകാലത്ത് എംഎസ്എഫ് നേതാവായിരുന്നു. അവിടെ യൂണിയൻ ചെർമാനായും തെരഞ്ഞെടുക്കപ്പെട്ടു. മുസ്‍ലിം ലീഗ് കൊണ്ടോട്ടി മണ്ഡലം സെക്രട്ടറി, സംസ്ഥാന കൗണ്‍സില്‍ അംഗം, സ്റ്റേറ്റ് സെക്രട്ടേറിയറ്റ് അംഗം, മലപ്പുറം ജില്ലാ മുസ്‍ലിം ലീഗ് സെക്രട്ടറി, കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്‍റര്‍ ഡയറക്ടര്‍ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. സമീറിന്റെ പിതാവ് പി.എം.എ ഇസ്മാഈൽ, കൊണ്ടോട്ടി മണ്ഡലം മുസ്‍ലിംലീഗ് സെക്രട്ടറി, യൂത്ത് ലീഗ് ജില്ലാ ഉപാധ്യക്ഷന്‍, വാഴയൂര്‍ ബാങ്ക് പ്രസിഡന്റ്റ്, ദീർഘകാലം വാഴയൂര്‍ പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ്, കര്‍ഷക സംഘം നേതാവ്, എസ്ടിയു ഭാരവാഹി എന്നീ നിലകളിൽ ശ്രദ്ധേയനായ നേതാവാണ്. സമീപ കാലത്ത് കേരളം ഏറ്റെടുത്ത റഹീം മോചനദ്രവ്യ ക്രൗഡ് ഫണ്ടിങ്ങിന് നേതൃത്വം നൽകിയത് സമീറായിരുന്നു. ലീഗിന്റെ മുണ്ടക്കൈ ചൂരല്‍മല പുനരധിവാസ പദ്ധതി ഫണ്ട് മാനേജ്മെന്റിലെ നേതൃപങ്കാളിത്തം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിന്റെ സുതാര്യത ഉറപ്പുവരുത്താനായി നിർമിച്ച ആപ്ലിക്കേഷന്റെ പിന്നിൽ പ്രവർത്തിച്ചതും സമീറായിരുന്നു.
ചന്ദ്രിക ദിനപത്രത്തിന്റെ ഫിനാന്‍സ് ഡയറക്ടർ എന്ന നിലയിലാണ് ലീഗ് രാഷ്ട്രീയത്തിന്റെ മുൻ നിരയിലേക്ക് സമീർ തിരിച്ചെത്തുന്നത്. കന്പനി സെക്രട്ടറിയായി ശ്രദ്ധേയനായ സമീറിനെ ചന്ദ്രികയുടെ കണക്കുകള്‍ കൈകാര്യം ചെയ്യാൻ ഹൈദരലി തങ്ങളാണ് നിയോഗിച്ചത്. സാന്പത്തിക പ്രതിസന്ധിയിൽ അടിയിളകിയ ചന്ദ്രികയെ കരകയറ്റുന്നതിൽ സമീർ വഹിച്ച പങ്ക് പാർട്ടി നേതൃത്വത്തിനിടയിൽ അദ്ദേഹത്തെ സർവസ്വീകാര്യനാക്കി.
ലീഗിന്റെ ഫണ്ട് മാനേജർ എന്ന നിലയിലേക്ക് സമീർ വളർന്നു. ട്രഷറർ ചെയ്യേണ്ട ജോലികൾ നിർവഹിക്കുന്നയാളെന്ന നിലയിൽ പാണക്കാട് തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടിക്കും ഒപ്പമാണ് പല നതാക്കളും സമീറിനെ കാണുന്നത്. പ്രൊഫഷണൽ വൈദഗ്ധ്യത്തോടെ നടത്തുന്ന പണ്ട് മാനേജ്മെന്റിന് ഉന്നത നേതൃത്വത്തിൻ്റെ പിന്തുണയുമുണ്ട്.
അതേസമയം സമീറിന്റെ വളർച്ച പാർട്ടിയിൽ എതിരാളികളെയും സൃഷ്ടിച്ചിട്ടുണ്ട്. തിരൂരങ്ങാടിയിൽ വിമതനായി മത്സരിക്കാനൊരുങ്ങിയ അബ്ദുറഹ്മാന്‍ രണ്ടത്താണിയും ലക്ഷ്യം വെക്കുന്നത് പാര്‍ട്ടിക്കുള്ളിലെ സമീർ വിരുദ്ധരെയാണ്.