
Photo| MediaOne
മുഴുവൻ ക്ലാസ് മുറികളിലും എസി; മലപ്പുറം ജിഎംഎൽപി സ്കൂൾ ഉദ്ഘാടനത്തിനായൊരുങ്ങി
|5 കോടി രൂപയിലധികം ചെലവിൽ മലപ്പുറം നഗരസഭയുടെ നേതൃത്വത്തിലാണ് പുതിയ സ്കൂൾ പണിതത്
മലപ്പുറം: എ സി ക്ലാസ് മുറിയിലിരുന്ന് ഡിജിറ്റൽ ബോർഡിൽ നോക്കി പഠിക്കുന്നത് ഒരു സാധാരണ ഗവൺമെന്റ് എൽപി സ്കൂളിലെ കുട്ടികൾക്ക് സ്വപ്നം കാണാൻ പറ്റുമോ എന്നതൊരു സംശയമാണ്. എന്നാൽ ഇനി ആ സംശയം വേണ്ട, സാധാരണക്കാരുടെ മക്കൾക്കും അങ്ങനെ പഠിക്കാം. ആ സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് മലപ്പുറം നഗരസഭ.
പൊട്ടിപ്പൊളിഞ്ഞ സ്കൂളിൽ നിന്നും സ്വപ്നതുല്യമായ ഒരു മാറ്റത്തിലേക്ക് കടക്കുകയാണ് മലപ്പുറം ജിഎംഎൽപി സ്കൂൾ. 5 കോടി 58 ലക്ഷം രൂപ ചിലവിൽ മലപ്പുറം നഗരസഭയുടെ നേതൃത്വത്തിലാണ് സ്ഥലം വാങ്ങി പുതിയ സ്കൂൾ പണിതത്.
100 വർഷം പഴക്കമുള്ള സ്കൂളാണിതെന്നും നിലവിൽ ഉണ്ടായിരുന്ന ജീർണിച്ച് കെട്ടിടം എൻജിനീയറിങ് വിഭാഗം അൺഫിറ്റ് ആണെന്ന് പറഞ്ഞതിനാൽ പുതിയ കെട്ടിടം ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുമായിരുന്നെന്ന് നഗരസഭ ചെയർമാൻ മുജീബ് കടേരി പറഞ്ഞു. പുതിയ കാലഘട്ടത്തിന്റെ ഒരു പ്രീമിയം ക്വാളിറ്റി ഇൻഫ്രാസ്ട്രക്ചർ ഉണ്ടാക്കണം എന്ന ആഗ്രഹത്തോടെ ഈ മേഖലയിൽ ധാരണയുള്ള ആളുകളുമായും ആർക്കിടെക്ചറുമായി സംസാരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഈ ഗവൺമെന്റ് എൽ പി സ്കൂളിൽ എല്ലാവിധ സംവിധാനങ്ങളും സൗകര്യങ്ങളും ഉണ്ട്. എല്ലാ ക്ലാസ്സിലും രണ്ട് എസി വീതമാണ് ഒരുക്കിയിരിക്കുന്നത്. കെട്ടിടത്തിൽ മൊത്തമായി 21 ഏസികളാണ് ഉപയോഗിച്ചിട്ടുള്ളത്. എന്റെയർ സിസ്റ്റം സോളാർ ബേസ്ഡ് ആക്കി മാറ്റി. സ്ക്രീനുകളോടെ, ക്ലാസുകൾ ലാപ്ടോപ്പ് ബേസ്ഡ് ആക്കാൻ തീരുമാനിച്ചു. എല്ലാ ഫ്ലോറുകളിലും പ്യൂരിഫൈഡ് വാട്ടർ ക്ലോസുകൾ സജ്ജീകരിച്ചു. ഇന്റഗ്രേറ്റഡ് സൗണ്ട് സിസ്റ്റം തയാറായി. ഏറ്റവും സൗകര്യം ഉള്ള വിശാലമായ ഡൈനിങ് ഹാൾ കുട്ടികൾക്കായി തയ്യാറാക്കി, ഇതിൽ മോഡേൺ കിച്ചൻ ഫെസിലിറ്റിസുമുണ്ട്. തീർത്തും സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ സ്കൂളിന്റെ പുതിയ മാറ്റം കുട്ടികൾക്കും വലിയ അനുഭവമാണ് നൽകിയിരിക്കുന്നത്. രാജ്യത്തിന് തന്നെ മാതൃകയാവുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടി ഒരു സ്കൂൾ കൊടുക്കാൻ സാധിച്ച സന്തോഷത്തിലാണ് നഗരസഭ. പ്രൈവറ്റ് സ്കൂളിൽ ലഭിക്കുന്ന അതേ സൗകര്യം ഇനി സർക്കാർ സ്കൂളിനും ലഭിക്കും. പുതിയ സ്കൂൾ കെട്ടിടം ഇ ടി മുഹമ്മദ് ബഷീർ എംപി ഞായറാഴ്ച നാടിനു സമർപ്പിക്കും.