< Back
Kerala
ഞങ്ങളെ തഴഞ്ഞാൽ തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഞങ്ങളുടെ സമീപനവും ഇതുതന്നെ ആയിരിക്കും: ബിഷപ്പ് ആൻഡ്രൂസ് താഴത്ത്
Kerala

ഞങ്ങളെ തഴഞ്ഞാൽ തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഞങ്ങളുടെ സമീപനവും ഇതുതന്നെ ആയിരിക്കും: ബിഷപ്പ് ആൻഡ്രൂസ് താഴത്ത്

Web Desk
|
6 Nov 2025 4:23 PM IST

ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശത്തിന് അനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് പോകണം. അതിന് വിപരീതമായ അഭിപ്രായങ്ങൾ വിദ്യാഭ്യാസ മന്ത്രിയിൽ നിന്നുണ്ടായത് വേദനിപ്പിച്ചുവെന്നും ആൻഡ്രൂസ് താഴത്ത് പറഞ്ഞു

തിരുവനന്തപുരം: തങ്ങളെ തഴഞ്ഞാൽ തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തങ്ങളുടെ സമീപനവും ഇതുതന്നെ ആയിരിക്കുമെന്ന് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്. ഇപ്പോൾ പ്രത്യേകമായൊരു നിലപാട് സഭക്കില്ല. വേണ്ടി വന്നാൽ പരസ്യമായി നിലപാട് പറയേണ്ടിവരും. കത്തോലിക കോൺഗ്രസ് എന്ന പേരിൽ സ്ഥാനാർഥികൾ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന സംരക്ഷിക്കപ്പെടണമെന്ന് പ്രധാനമന്ത്രിയെ കണ്ട് അറിയിച്ചിരുന്നു. കേരളത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിലും മുന്നോക്ക വികസ കോർപ്പറേഷനിലും ക്രൈസ്തവ സമുദായാംഗങ്ങളില്ലെന്നും ആൻഡ്രൂസ് താഴത്ത് ആരോപിച്ചു.

ഭരണഘടനക്ക് എതിരായി ചില മതങ്ങളെ അംഗീകരിക്കുക ചില മതങ്ങളെ എതിർക്കുക എന്ന സമീപനം ഭരണഘടനക്ക് എതിരാണ്. ന്യൂനപക്ഷങ്ങൾക്ക് ലഭിക്കേണ്ട അവകാശവും പ്രാതിനിധ്യവും തങ്ങൾക്കും വേണം. ഞങ്ങളെ തഴഞ്ഞാൽ മറ്റുള്ളവരെയും ഞങ്ങൾ തഴയും. തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇതേ സമീപനം തന്നെ ആയിരിക്കും സ്വീകരിക്കുക. ഇപ്പോൾ പരസ്യമായി ഒരു നിലപാട് പറയാൻ ആഗ്രഹിക്കുന്നില്ല. സഭ സംഘടിപ്പിക്കുന്ന സമുദായ ജാഗ്രത സദസിൽ ഇക്കാര്യങ്ങൾ എല്ലാം വിശദമായി ചർച്ച ചെയ്യും.

ജെ.ബി കോശി കമ്മീഷൻ രണ്ടര വർഷം മുൻപ് റിപ്പോർട്ട് നൽകിയിട്ടും സർക്കാർ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നില്ല, എത്രയും വേഗം അത് നടപ്പിലാക്കണം എന്നാണ് സഭയുടെ ആവശ്യം. അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണത്തിൻ്റെ പേരിൽ അവഗണന തുടരുകയാണ്. മറ്റ് സമുദായങ്ങൾക്ക് നിയമനത്തിന് അവസരം നൽകിയ പോലെ ക്രൈസ്തവ മനേജ്മെൻ്റുകൾക്കും അവസരം നൽകണം. ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശത്തിന് അനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് പോകണം. അതിന് വിപരീതമായ അഭിപ്രായങ്ങൾ വിദ്യാഭ്യാസ മന്ത്രിയിൽ നിന്നുണ്ടായത് വേദനിപ്പിച്ചുവെന്നും ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് ആരും വോട്ട് പാഴാക്കരുത് എന്നാണ് എല്ലാവരോടും ആവശ്യപ്പെട്ടിരിക്കുന്നത്. നാടിൻ്റെ നന്മക്ക് ഉതകും വിധം വോട്ട് രേഖപ്പെടുത്താനാണ് ആവശ്യപ്പെട്ടത്. രാജ്യത്ത് ചില മതങ്ങളെ അംഗീകരിക്കുകയും ചില മതങ്ങളെ എതിർക്കുകയും ചെയ്യുന്നത് ഭരണഘടനക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

Similar Posts