< Back
Kerala
ശബരിമലയില്‍ അപകടമുണ്ടായത് കതിന പൊട്ടിത്തെറിച്ചല്ലെന്ന് റിപ്പോർട്ട്
Kerala

ശബരിമലയില്‍ അപകടമുണ്ടായത് കതിന പൊട്ടിത്തെറിച്ചല്ലെന്ന് റിപ്പോർട്ട്

Web Desk
|
4 Jan 2023 7:11 AM IST

പത്തനംതിട്ട ജില്ലാ കലക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് സമീപം വെടിപ്പുരയിലുണ്ടായ അപകടം സംബന്ധിച്ച് പത്തനംതിട്ട ജില്ലാ കലക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. കതിന പൊട്ടിത്തെറിച്ചല്ല അപകടമുണ്ടായതെന്നും കൂടുതൽ അന്വേഷിക്കണമെന്നും കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ചിനും കൈമാറുമെന്ന് ജില്ലാ കലക്ടർ ദിവ്യ എസ് അയ്യർ പറഞ്ഞു.

ശബരിമല എഡിഎമ്മിന്റെയും ഫോറൻസിക് സംഘത്തിന്റെ പ്രാഥമിക പരിശോധനകളെ അടിസ്ഥാനമാക്കിയാണ് തീപിടുത്തം സംബന്ധിച്ച് കലക്ടർ റിപ്പോർട്ട് സമർപ്പിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 4.45ഓടെയുണ്ടായ അപകടം കതിന പൊട്ടിത്തറിച്ചല്ലെന്നും വെടിമരുന്നിന് തീപിടിച്ചതാണന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

തീപിടുത്തതിന്റെ കാരണം കണ്ടെത്താൻ ശബരിമലയിലെ വെടിവഴിപാട് കേന്ദ്രങ്ങളിൽ ഫോറൻസിക് സംഘത്തിന്റെനേതൃത്വത്തിൽ പരിശോധന നടന്നു. ഇവർ ശേഖരിച്ച സാമ്പിളുകൾ തിരുവനന്തപുരത്തെ ലാബിൽ അയച്ച് വിശദമായി പരിശോധിക്കും. എന്നാൽ അപകടത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും അട്ടിമറിയോ സുരക്ഷാവീഴ്ചയോ ഉണ്ടായിട്ടില്ലെന്നാണ് കലക്ടറുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.

സർക്കാരിന് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ചിന് ഉടന് കൈമാറുമെന്നും വിശദമായ അന്വേഷണത്തിന് ശേഷം പൂർണ്ണതോതിലുള്ള റിപ്പോർട്ട് വീണ്ടും സമർപ്പിക്കുമെന്നും കലക്ടർ ദിവ്യ എസ് അയ്യർ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ തൃശൂർ ഫോറൻസിക് കെമിസ്ട്രി ലാബ് അസി. ഡയറക്ടർ ബി.എസ്. ജിജി, കൊല്ലം ഫോറൻസിക് സയന്റിഫ് ഓഫീസർ രാഹുൽ രാജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അതേസമയം, അപടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ കഴിയുന്ന ചെങ്ങന്നൂർ സ്വദേശി എ ആർ ജയകുമാറിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ജയകുമാറിനൊപ്പം അപടത്തിൽ പരിക്കേറ്റ അമലിന്റെയും രജീഷിന്റെയും നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.

Similar Posts