
മംഗളൂരുവിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
|കോടതിയിൽ ഹാജരാകാതിരുന്ന പ്രതി എട്ട് വർഷമായി ഒളിവിലായിരുന്നു
മംഗളൂരു: മംഗളൂരുവിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ബംഗളൂരു അരക്കരെ ഹുളിമാവുവിൽ നിന്നാണ് നിയാസ് എന്ന നിയയെ (37) പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാകാതിരുന്ന ഇയാൾ എട്ട് വർഷമായി ഒളിവിലായിരുന്നു.
2017ലായിരുന്നു കേസിനാസ്പദമായ സംഭവം. മംഗളൂരു, ഉഡുപ്പി ജില്ലകളിലായി 13 ക്രിമിനൽ കേസുകളെങ്കിലും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറേറ്റ് രണ്ട് വർഷത്തിലേറെയായി കോടതി വിചാരണകളിൽ നിന്ന് ഒഴിഞ്ഞുമാറിയ 52 പ്രതികളെ കണ്ടെത്തി കോടതികളിൽ ഹാജരാക്കി.
വർഗീയ അക്രമം, കൊലപാതകം, കൊലപാതകശ്രമം, മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ, റൗഡി ഷീറ്റർമാരുടെ പ്രവർത്തനങ്ങൾ എന്നിവയാണ് കേസുകളിൽ ഉൾപ്പെടുന്നത്. വാറണ്ട് പുറപ്പെടുവിച്ചിട്ടും കോടതികളിൽ ഹാജരാകാതിരുന്ന 12 പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു.