< Back
Kerala
വാളയാർ ആൾക്കൂട്ടക്കൊല: പ്രതികൾ റിമാൻഡിൽ; നാല് പേർ ബിജെപി- ആർഎസ്എസ് പ്രവർത്തകർ
Kerala

വാളയാർ ആൾക്കൂട്ടക്കൊല: പ്രതികൾ റിമാൻഡിൽ; നാല് പേർ ബിജെപി- ആർഎസ്എസ് പ്രവർത്തകർ

Web Desk
|
20 Dec 2025 6:56 AM IST

പ്രതികളെ കോടതിയിൽ ഹാജരാക്കാൻ എത്തിയപ്പോൾ പാലക്കാട് എസ്ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസിലെ പ്രതി ആർ. ജിനീഷും എത്തിയിരുന്നു.

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ റിമാൻഡിൽ. അട്ടപ്പളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്ദൻ, ബിപിൻ എന്നിവരാണ് റിമാൻഡിലായത്. ഇവരിൽ നാലുപേർ ബിജെപി- ആർഎസ്എസ് പ്രവർത്തകരാണ്.

ഇതിൽ മുരളി, അനു എന്നിവർ 15 വർഷം മുമ്പ് ഡിവൈഎഫ്‌ഐ പ്രവർത്തകൻ വിനോദ്, സിഐടിയു ചുമട്ടുതൊഴിലാളിയായ സ്റ്റീഫൻ എന്നിവരെ വെട്ടിയ കേസിലെ പ്രതികളാണ്. സ്റ്റീഫനെ വെട്ടിയ കേസിന്റെ നടപടികൾ നിലവിൽ ഹൈക്കോടതിയിൽ നടന്നുവരികയാണ്.

ഇന്നലെ പ്രതികളെ കോടതിയിൽ ഹാജരാക്കാൻ എത്തിയപ്പോൾ പാലക്കാട് എസ്ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസിലെ പ്രതി ആർ. ജിനീഷും എത്തിയിരുന്നു. അതേസമയം, കേസിൽ കൂടുതൽ പേരുടെ അറസ്റ്റ് ഇന്ന് ഉണ്ടാകും. പൊലീസിൻ്റെ കസ്റ്റഡിയിൽ ഉള്ള മറ്റുള്ളവരുടെ അറസ്റ്റായിരിക്കും ഇന്നുണ്ടാവുക.

ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായൺ ഭയ്യ എന്ന 31കാരനെയാണ് മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികൾ മർദിച്ച് കൊലപ്പെടുത്തിയത്. കള്ളൻ എന്ന് ആരോപിച്ചാണ് പ്രതികൾ രാംനാരായണിനെ തടഞ്ഞുവച്ചത്. തുടർന്ന് ബം​ഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.

ആക്രമണത്തെ തുടർന്ന രക്തം വാർന്ന് ഒന്നര മണിക്കൂറോളം രാംനാരായൺ ഭയ്യ റോഡിൽ കിടന്നു. അവശനിലയിലായ യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

മണിക്കൂറുകള്‍ നീണ്ട വിചാരണയും കൊടുംക്രൂരതയുമാണ് ഭയ്യ നേരിട്ടത്. കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടിയാണ് രാംനാരായൺ ഭയ്യ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാല്‍ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി.

ചെറിയ മാനസിക പ്രശ്‌നങ്ങള്‍ രാംനാരായണിന് ഉണ്ടായിരുന്നു. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് വനിതകള്‍ ആണ് രാംനാരായണിനെ ആദ്യം പ്രദേശത്ത് കാണുന്നത്. തുടര്‍ന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവസികളായ ബിജെപി- ആർഎസ്എസ് പ്രവർത്തകർ ചേര്‍ന്ന് സംഘം ചേര്‍ന്ന് രാംനാരായണിനെ തടഞ്ഞുവച്ച്‌ കള്ളന്‍ എന്ന് ആരോപിച്ച് വിചാരണ ചെയ്ത് മർദിക്കുകയായിരുന്നു.

അതേസമയം, പോസ്റ്റ്മോർട്ടം കഴിഞ്ഞ രാംനാരായണിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ വന്നതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Similar Posts