
സൂംബക്ക് എതിരായ വിമർശനം; ടി.കെ അഷ്‌റഫിന് എതിരായ നടപടി വിവേചനം: ശിഹാബ് പൂക്കോട്ടൂർ
|വിമർശിക്കുന്നവരോടുള്ള ഇടതുപക്ഷ ഭരണകൂടത്തിന്റെ നിലപാട് മോദിയിൽനിന്നും ഒട്ടും ഭിന്നമല്ലെന്നും ശിഹാബ് പൂക്കോട്ടൂർ പറഞ്ഞു.
കോഴിക്കോട്: സൂംബ പദ്ധതിക്ക് എതിരെ വിയോജിപ്പ് പ്രകടിപ്പിച്ച വിസ്ഡം ജനറൽ സെക്രട്ടറിയും അധ്യാപകനുമായ ടി.കെ അഷ്‌റഫിന് എതിരായ സർക്കാർ നടപടി വിവേചനമെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ. സൂംബ നടപ്പിലാക്കിയപ്പോൾ ചർച്ചയാവാമെന്നും അടിച്ചേൽൽപ്പിക്കില്ലെന്നും ആവർത്തിച്ച സർക്കാർ അതിനോട് വിമർശനം ഉന്നയിച്ചപ്പോൾ യുദ്ധകാലടിസ്ഥാനത്തിൽ നടപടിയെടുക്കുന്നത് പൗരാവകാശ ലംഘനമാണ്. വിമർശിക്കുന്നവരോടുള്ള ഇടതുപക്ഷ ഭരണകൂടത്തിന്റെ നിലപാട് മോദിയിൽനിന്നും ഒട്ടും ഭിന്നമല്ലെന്നും അദ്ദേഹം പറഞ്ഞു.
സൂംബ പദ്ധതിയെ വിമർശിച്ചതിൽ ടി.കെ അഷ്‌റഫിനെതിരെ നടപടിയെടുക്കാൻ സ്‌കൂൾ മാനേജർക്ക് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറാണ് നടപടി ആവശ്യപ്പെട്ട് കത്ത് നൽകിയത്. സസ്‌പെൻഷൻ അടക്കമുള്ള അച്ചടക്ക നടപടി 24 മണിക്കൂറിനകം സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സർക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ടി.കെ അഷ്‌റഫ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടുവെന്ന് കത്തിൽ പറയുന്നു. ടി.കെ അഷ്‌റഫിന്റെ എഫ്ബി പോസ്റ്റും കത്തിനൊപ്പം ചേർത്തിട്ടുണ്ട്.