
നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു
|സേലത്ത് വച്ചായിരുന്നു അപകടം
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നടന്‍റെ പിതാവ് ചാക്കോ മരിച്ചു. തമിഴ്നാട് ധർമ്മപുരിയിൽ ഇന്ന് രാവിലെ ആയിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ ഷൈൻ ടോം ചാക്കോയും സഹോദരനും അമ്മയും ചികിത്സയിലാണ്.
ഷൈനിന്‍റെ ചികിത്സക്കായി ബംഗളൂരുവിലേക്ക് ഉള്ള യാത്രക്കിടെയായിരുന്നു അപകടം. പുലർച്ചെ ആറുമണിയോടെ ദേശീയപാതയിൽ ലോറിയുമായി വാഹനം കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം തകർന്നു. പരിക്കേറ്റ ചാക്കോ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പേ മരിച്ചു. മൃതദേഹം ധർമ്മപുരി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പിതാവിനെ കൂടാതെ ഷൈൻ ടോം ചാക്കോ, അമ്മ കാർമൽ, സഹോദരൻ ജോജോ, ഡ്രൈവർ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ഷൈൻ ടോം ചാക്കോയുടെ കൈക്ക് പരിക്കുണ്ട്. അമ്മയുടെ കൈകൾക്കും ഇടുപ്പിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരും ചികിത്സയിൽ തുടരുകയാണ്. കൊച്ചിയിൽ നിന്നും നടന്‍റെ ബന്ധുക്കൾ ധർമ്മപുരിയിൽ എത്തിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിൽ പിന്നീടാകും തീരുമാനം.