
നടിയെ ആക്രമിച്ച കേസ്; ദിലീപിന് നോട്ടീസ്
|ഡിജിറ്റൽ തെളിവുകൾ വിചാരണ കോടതി തള്ളിയത് നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണെന്നാണ് പ്രോസിക്യൂഷൻ വാദം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിക്കെതിരായ സർക്കാർ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ചു. ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ടത് ചോദ്യംചെയ്താണ് അപ്പീൽ നൽകിയത്. നെടുമ്പാശ്ശേരി എസ്എച്ച്ഒ വഴിയാണ് വിചാരണക്കോടതി വെറുതെ വിട്ട പ്രതികൾക്ക് നോട്ടീസ് അയച്ചത്. ജയിലിൽ കഴിയുന്ന പൾസർ സുനി അടക്കമുള്ള ആറു പേർക്ക് ജയിൽ സൂപ്രണ്ട് വഴിയാണ് കോടതി നോട്ടീസ് അയച്ചത്.തെളിവുകളും നിയമപരമായ വശങ്ങളും പരിശോധിക്കുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടുവെന്ന് സർക്കാർ അപ്പീലിൽ പറയുന്നു.
വിചാരണക്കോടതിയുടെ വീഴ്ചകൾ ചൂണ്ടിക്കാണിച്ച് 300 പേജുള്ള അപ്പീലാണ് സർക്കാർ സമർപ്പിച്ചത്.ദിലീപ് ഉൾപ്പെടെയുള്ള നാല് പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദാക്കണമെന്നും കുറ്റക്കാരാണെന്ന് കണ്ടെത്തിയ പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നുമാണ് സർക്കാരിന്‍റെ ആവശ്യം.
ഡിജിപിയുടെയും സ്പെഷ്യൽ പ്രോസിക്യൂട്ടറുടെയും ശിപാർശ സർക്കാർ നേരത്തെ അംഗീകരിച്ചിരുന്നു. ഡിജിറ്റൽ തെളിവുകൾ വിചാരണ കോടതി തള്ളിയത് നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണെന്നാണ് പ്രോസിക്യൂഷൻ വാദം.
പ്രധാനപ്പെട്ട ഡിജിറ്റൽ തെളിവുകൾ പരിഗണിക്കാതെ നിസാരമായി തള്ളിക്കളയുകയായിരുന്നു എന്ന വാദമാണ് പ്രധാനമായും ഉന്നയിക്കുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പൾസർ സുനി ദിലീപിന്റെ വീട്ടിലെത്തിച്ചു എന്നതായിരുന്നു സംവിധായകൻ ബാലൻചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ. അത് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളും ഉണ്ടായിരുന്നു എന്നതായിരുന്നു പ്രോസിക്യൂഷന്റെ വാദം. ദിലീപിന്റെ അനൂപിന്റെ ഫോണിൽ നിന്ന് ഈ ദൃശ്യങ്ങളുടെ വിവരങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. ഇത് വിചാരണ കോടതി വേണ്ട വിധത്തിൽ പരിഗണിച്ചിട്ടില്ല എന്ന കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്.
കേസിൽ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ നേരത്തെ അപ്പീൽ നൽകിയിരുന്നു. ശിക്ഷ റദ്ദാക്കണമെന്നാണ് ആവശ്യം. ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന ഫോൺ കണ്ടെടുത്തിട്ടില്ലെന്ന് അപ്പീലിൽ സൂചിപ്പിച്ചിരുന്നു. അഞ്ചാം പ്രതി വടിവാൾ സലീമും ആറാംപ്രതി പ്രദീപും നേരത്തെ തന്നെ അപ്പീലുമായി കോടതിയെ സമീപിച്ചിരുന്നു.