< Back
Kerala
നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയം നാളെ അവസാനിക്കും
Kerala

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയം നാളെ അവസാനിക്കും

Web Desk
|
30 May 2022 6:31 AM IST

അന്വേഷണത്തിനു കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്‍റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയ പരിധി നാളെ അവസാനിക്കും. അന്വേഷണ പുരോഗതിയാകും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കുക. അന്വേഷണത്തിനു കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹരജി നാളെ ഹൈക്കോടതിയും പരിഗണിക്കും.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് 31നകം പൂർത്തീകരിച്ച് റിപ്പോർട്ട് നൽകണമെന്നാണ് കോടതിയുടെ കർശന നിർദേശം. വിചാരണ കോടതി നാളെ കേസ് പരിഗണിക്കും. അന്വേഷണത്തിനു കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള സർക്കാർ ഹരജി ഹൈക്കോടതിയുടെ പരിഗണനയിൽ ആണ്. ചൊവ്വാഴ്ച ആണ് ഈ ഹരജിയും പരിഗണിക്കുക. ഇക്കാര്യം പ്രൊസിക്യൂഷൻ നാളെ വിചാരണ കോടതിയെ അറിയിക്കും. അന്വേഷണ പുരോഗതിയും കോടതിയെ ബോധിപ്പിക്കും. അന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ ശേഖരിച്ച തെളിവുകൾ നിരത്തിയാണ് പ്രോസിക്യൂഷൻ തുടരന്വേഷണത്തിന് കൂടുതൽ സമയം തേടിയത്.

നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്നും ദിലീപ് പൾസർ സുനിക്ക് ഒരു ലക്ഷം രൂപ നൽകിയതിന് തെളിവുണ്ടെന്നും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ വിളിച്ചിരുന്ന നമ്പര്‍ താന്‍ ഉപയോഗിച്ചിരുന്നതല്ലെന്ന കാവ്യ മാധവന്റെ മൊഴി നുണ ആണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. സമയം നീട്ടി ചോദിച്ചുള്ള അപേക്ഷയിൽ ക്രൈംബ്രാഞ്ച് ഇക്കാര്യവും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. സൈബർ തെളിവുകൾ അടക്കം പരിശോധിക്കാൻ മൂന്ന് മാസം കൂടി സമയം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം.

Similar Posts