< Back
Kerala
ADGP MR Ajith Kumar again recommended by DGP to State Govt for Vishisht Seva Medal of President
Kerala

എഡിജിപി എം.ആർ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവാ മെഡലിന് ശിപാർശ

Web Desk
|
20 April 2025 2:36 PM IST

നേരത്തെ നാല് പ്രാവശ്യം രാഷ്ട്രപതിയുടെ മെഡലിനായുള്ള ശിപാർശ കേന്ദ്രം തള്ളിയിരുന്നു.

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവാ മെഡലിന് ശുപാർശ. ഡിജിപിയാണ് സംസ്ഥാന സർക്കാരിനോട് ശിപാർശ ചെയ്തത്. ശിപാർശ സംസ്ഥാന സർക്കാർ അം​ഗീകരിച്ചു.

നേരത്തെ, അജിത്കുമാറിന് രാഷ്ട്രപതിയുടെ മെഡലിനായി സംസ്ഥാനം സമർപ്പിച്ച ശിപാർശ നാല് പ്രാവശ്യം കേന്ദ്രം തള്ളിയിരുന്നു. ഐബി റിപ്പോർട്ട് അജിത്കുമാറിന് എതിരായ സാഹചര്യത്തിലാണ് കേന്ദ്രം നിരസിച്ചത്. അജിത് കുമാർ ഡിജിപി സ്ഥാനകയറ്റത്തിന്റെ വക്കിൽ നിൽക്കുമ്പോഴാണ് വീണ്ടും ശുപാർശ.

അജിത്കുമാറിന് ഇതുവരെ രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചിട്ടില്ല. ഇത് കിട്ടുന്നതിനായാണ് ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഈ ആരോപണം ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിലും ഉണ്ടായിരുന്നു.

രാഷ്ട്രപതിയുടെ മെഡലിന് വേണ്ടിയാണോ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന സംശയം പല കോണുകളിൽനിന്ന് ഉയരുന്നുണ്ടെന്ന വാചകമാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയത്.

എന്നാൽ, ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്ന സാഹചര്യത്തിൽ അജിത്കുമാറിനെ കൂടുതൽ ചേർത്തുപിടിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ഇതിന്റെ ഭാ​ഗമായാണ്, വിശിഷ്ട സേവനത്തിനുള്ള ഡിജിപിയുടെ ശിപാർശ സംസ്ഥാന സർക്കാർ അം​ഗീകരിച്ചത്.

ഇനി സംസ്ഥാനം കേന്ദ്രത്തോട് ശിപാർശ ചെയ്യും. ശിപാർശയിൽ കേന്ദ്രമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് നൽകുന്നതാണ് വിശിഷ്ട സേവാ മെ‍ഡൽ.

Similar Posts