
സന്ധ്യയും ബിജുവും Photo| MediaOne
അടിമാലി മണ്ണിടിച്ചിൽ; പരിക്കേറ്റ സന്ധ്യയുടെ ആശുപത്രി ചെലവ് ദേശീയപാത അതോറിറ്റി വഹിക്കും
|ചികിത്സച്ചെലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ NHAI പ്രൊജക്റ്റ് ഡയറക്ടർക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നു
അടിമാലി: ഇടുക്കി അടിമാലി മണ്ണിടിച്ചിലിൽ വീട് തകർന്ന് പരിക്കേറ്റ സന്ധ്യയുടെ ആശുപത്രി ചെലവ് ദേശീയപാത അതോറിറ്റി വഹിക്കും . ഇക്കാര്യം NHAI ജില്ലാ ഭരണകൂടത്തെ അറിയിച്ചു . ചികിത്സാച്ചെലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ NHAI പ്രൊജക്റ്റ് ഡയറക്ടർക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നു. പുനരധിവാസം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും.
ബിജുവിന്‍റെ മകളുടെ പഠന ചെലവ് കോളജ് നഴ്സിങ് കോളജ് ഏറ്റെടുത്തിരുന്നു. മകള്‍ കോട്ടയം കങ്ങഴ തെയോഫിലോസ് നഴ്‌സിങ് കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. മന്ത്രി വീണാ ജോര്‍ജ് കോളജിന്റെ ചെയര്‍മാന്‍ ജോജി തോമസുമായി സംസാരിച്ചു. കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിനായി ആ മകളുടെ തുടര്‍ വിദ്യാഭ്യാസ ചെലവുകള്‍, പഠന ഫീസും ഹോസ്റ്റല്‍ ഫീസുമടക്കം എല്ലാം കോളജ് ഏറ്റെടുക്കാമെന്ന് അദ്ദേഹം ആരോഗ്യ മന്ത്രിയെ അറിയിക്കുകയായിരുന്നു.
അടിമാലി മണ്ണിടിച്ചിലിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ബിജുവിന്‍റെ മരണത്തിൽ അസ്വഭാവിക മരണത്തിനാണ് കേസ് എടുത്തിക്കുന്നത്. നിലിവിൽ ആരേയും പ്രതിചേർത്തിട്ടല്ല. വിശദമായ അന്വേഷണത്തിന് ശേഷം എൻഎച്ച്എഐ പ്രതിചേർക്കണോ എന്നതിൽ തീരുമാനമെടുക്കും. ആളുകളെ മാറ്റിപ്പാർപ്പിച്ചിടത്തേക്ക് ബിജുവും ഭാര്യയും എത്തിയത് എങ്ങനെ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഞായറാഴ്ച രാത്രിയാണ് അടിമാലിയിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണത്. ഒരു കുടുംബം പൂർണമായും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഫയർഫോഴ്‌സും പൊലീസും സംഭവസ്ഥലത്തെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഇവരെ പുറത്തെടുത്തത്. കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണം. ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. വൈകിട്ട് മഴ കനത്തതോടെ 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു.