
അടൂർ പ്രകാശ് Photo: MediaOne
'അതൃപ്തി അറിയിച്ചിട്ടില്ല; മുരളീധരൻ ഇന്നലെ എന്നോട് പറഞ്ഞിട്ടാണ് പോയത്': അടൂർ പ്രകാശ്
|അതൃപ്തി മാധ്യമങ്ങളിലൂടെ പുറത്തറിഞ്ഞതോടെ രമേശ് ചെന്നിത്തല, വി.ഡി സതീശൻ, സണ്ണി ജോസഫ് തുടങ്ങിയ മുതിർന്ന നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ചതോടെയാണ് മുരളീധരൻ അയഞ്ഞത്
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിലെ കെ. മുരളീധരന്റെ അതൃപ്തിയെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. തന്നോട് പറഞ്ഞിട്ടാണ് കെ. മുരളീധരൻ ഇന്നലെ ഗുരുവായൂരിലേക്ക് പോയത്. സമാപനയോഗത്തിൽ മുരളീധരൻ പങ്കെടുത്തിരുന്നെന്നും പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നെന്നും അടൂർ പ്രകാശ് മീഡിയവണിനോട് പറഞ്ഞു.
'അദ്ദേഹത്തിന്റെ അതൃപ്തിയെ കുറിച്ച് ഒന്നുമറിയില്ല. അക്കാര്യങ്ങളെല്ലാം അദ്ദേഹം തന്നെ സംസാരിക്കട്ടെ. ഇന്നലെ സമാപനയോഗത്തിൽ അദ്ദേഹം പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഇന്നലെ എന്നോട് പറഞ്ഞിട്ടാണ് എല്ലാ മാസത്തെയും പോലെ ഗുരുവായൂരിലേക്ക് പോയിരിക്കുന്നത്'- അടൂർ പ്രകാശ് പറഞ്ഞു.
അതൃപ്തി മാധ്യമങ്ങളിലൂടെ പുറത്തറിഞ്ഞതോടെ രമേശ് ചെന്നിത്തല, വി.ഡി സതീശൻ, സണ്ണി ജോസഫ് തുടങ്ങിയ മുതിർന്ന നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ചതോടെയാണ് മുരളീധരൻ അയഞ്ഞത്. ഇന്നലെ ചെങ്ങന്നൂരിലെ സമാപനത്തിന് ശേഷം കെ. മുരളീധരൻ ഗുരുവായൂരിലേക്ക് പോവുകയായിരുന്നു.
രാവിലെ മുതൽ ഗുരുവായൂർ ക്ഷേത്രത്തിലായിരുന്ന കെ. മുരളീധരൻ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ ചെങ്ങന്നൂരിലേക്ക് പോകാതെ ട്രെയിനിൽ തിരുവനന്തപുരത്തേക്ക് പോകുമെന്നായിരുന്നു വിവരം. ഇതുസംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത വരികയും പാർട്ടി തന്നെ പ്രതിരോധത്തിലാവുകയും ചെയ്ത സാഹചര്യത്തിൽ പരിപാടിയിൽനിന്ന് വിട്ടുനിൽക്കുന്നത് ഉചിതമാകില്ലെന്ന് നേതാക്കൾ അദ്ദേഹത്തെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് മുരളീധരൻ അയഞ്ഞത്.
കെപിസിസി പുനഃസംഘടനയിൽ തനിക്കുള്ള അതൃപ്തി സണ്ണി ജോസഫിനെയും വി.ഡി സതീശനേയും കെ. മുരളീധരൻ നേരത്തെ അറിയിച്ചിരുന്നു. തൃശൂരിലെ തോൽവിക്ക് കാരണക്കാരനെന്ന് കെ. മുരളീധരൻ കരുതുന്ന ജോസ് വള്ളൂരിന് പദവി നൽകിയതും കെ.എം ഹാരിസിനെ ജനറൽ സെക്രട്ടറിയാക്കാതിരുന്നതുമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇതൊക്കെ അനുഭാവപൂർവം പരിഗണിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് കെ. മുരളീധരൻ പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്നാണ് വിവരം.
ചെങ്ങന്നൂരിൽ ഇന്ന് വൈകുന്നേരം പദയാത്രയ്ക്ക് ശേഷമാണ് സമാപന സമ്മേളനം. കാരക്കാട് ദേവീക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച് പന്തളം ബസ് സ്റ്റാൻഡ് പരിസരത്താണ് പദയാത്ര സമാപിക്കുക. യാത്രയുടെ നാല് ക്യാപ്റ്റൻമാരിൽ ഒരാളാണ് കെ. മുരളീധരൻ.