< Back
Kerala
ആർ.പി രവീന്ദ്രൻ സ്മാരക ഹസ്ത പുരസ്‌കാരം അഡ്വ ടി. സിദ്ദീഖ് എം.എൽ.എക്ക്
Kerala

ആർ.പി രവീന്ദ്രൻ സ്മാരക ഹസ്ത പുരസ്‌കാരം അഡ്വ ടി. സിദ്ദീഖ് എം.എൽ.എക്ക്

Web Desk
|
11 Jan 2025 1:25 PM IST

25000 രൂപയും പ്രശസ്തി പത്രവും ശിലാഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം

കോഴിക്കോട്: പ്രമുഖ ഗാന്ധിയനും ഗാന്ധിദർശൻ വേദി കോഴിക്കോട് ജില്ലാ പ്രസിഡന്റും കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനും ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് ചീഫ് കോ ഓർഡിനേറ്ററുമായിരുന്ന ആർ പി രവീന്ദ്രന്റെ സ്മരണക്കായി ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പേരാമ്പ്ര ഏർപ്പെടുത്തിയ പ്രഥമ ആർ പി രവീന്ദ്രൻ സ്മാരക ഹസ്ത പുരസ്‌കാരം കല്പറ്റ എം.എൽ.എ അഡ്വ. ടി.സിദ്ദീഖിന് നൽകാൻ തീരുമാനിച്ചു.

25000 രൂപയും പ്രശസ്തി പത്രവും ശിലാഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വയനാട് ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ ഒരു ജനപ്രതിനിധി എന്ന നിലയിൽ നടത്തിയ വിശ്രമരഹിതവും ത്യാഗപൂർണ്ണവും മനുഷ്യ സ്നേഹപരവുമായ സേവനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. പ്രശസ്ത എഴുത്തുകാരൻ യു.കെ കുമാരൻ, പി.എസ്.സി മുൻ അംഗം ആർ.എസ് പണിക്കർ, പ്രതാപൻ തായാട്ട് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഫെബ്രവരി ആദ്യവാരം കോഴിക്കോട് വെച്ച് പുരസ്‌കാര സമർപ്പണം നടത്തും.

പത്രസമ്മേളനത്തിൽ യു.കെ കുമാരൻ, ആർ.എസ് പണിക്കർ , മുനീർ എരവത്ത്, ഒ.എം രാജൻ മാസ്റ്റർ ,കെ പ്രദീപൻ എന്നിവർ പങ്കെടുത്തു.

Similar Posts