< Back
Kerala
Afan
Kerala

വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെ രണ്ട് ദിവസത്തിനുശേഷം പൊലീസ് കസ്റ്റഡിയിൽ വാങ്ങും

Web Desk
|
27 Feb 2025 7:05 PM IST

പ്രതി മദ്യത്തിനും ലഹരിക്കും അടിമയാണെന്ന ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ രണ്ട് ദിവസത്തിനുശേഷം പൊലീസ് കസ്റ്റഡിയിൽ വാങ്ങും. സൽ‍മബീവിയെ കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് പൊലീസ് മെഡിക്കൽ കോളേജിൽ എത്തി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് കേസുകളുടെ കാര്യത്തിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ റിമാൻഡ് ചെയ്തതിനു ശേഷം തീരുമാനിക്കുമെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാൽപറഞ്ഞു.

ചികിത്സയിലുള്ള ഷമിയുടെ മൊഴി നാളെ രേഖപ്പെടുത്തും. സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ടക്കൊലയ്ക്ക് പിന്നിൽ എന്ന് പൊലീസ് സ്ഥിരീകരിച്ചു. അഫാൻ ലഹരിക്ക് അടിമയല്ലെന്നും ഡിവൈഎസ്പി പറഞ്ഞു.

മെഡിക്കൽ കോളേജിൽ എത്തിയ പാങ്ങോട് പൊലീസ് ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയ്ക്ക് ഒരു മണിയോടെ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നുമില്ല എന്ന് ഡോക്ടർമാർ അന്വേഷണസംഘത്തെ അറിയിച്ചു. അഫാൻ്റെ രക്ത പരിശോധനാഫലം അടക്കം പൊലീസിന് ഡോക്ടർമാർ കൈമാറി.

മദ്യം അല്ലാതെ മറ്റൊരു ലഹരിയും അഫാൻ ഉപയോഗിച്ചിട്ടില്ല. പ്രതി മദ്യത്തിനും ലഹരിക്കും അടിമയാണെന്ന ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു. മജിസ്ട്രേറ്റ് ആശുപത്രിയിൽ എത്തി പ്രതിയെ റിമാൻഡ് ചെയ്തു.

പൊലീസ് കസ്റ്റഡിയിൽ വാങ്ങിയശേഷം മറ്റ് കേസുകളിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കും. ഇതിന് പിന്നാലെ ആയിരിക്കും തെളിവെടുപ്പ്. കൂട്ടക്കൊലയ്ക്ക് പിന്നിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന നിഗമനത്തിലേക്ക് എത്തിച്ചേരുകയാണ് അന്വേഷണസംഘം.

സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പ്രതിയുടെ മാതാവ് ഷമിയുടെ മൊഴി പൊലീസ് ഇന്നും രേഖപ്പെടുത്തിയില്ല. പൊലീസ് സംഘം ഷെമിയെ ആശുപത്രിയിലെത്തി കണ്ടു. ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെങ്കിലും സംസാരിക്കുന്നതിൽ പ്രയാസമുണ്ട്. നാളെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിൻറെ തീരുമാനം. ഷമിയുടെയും അഫാൻ്റെയും മൊഴി വിശദമായി എടുക്കുന്നതിലൂടെ കൂട്ടക്കൊല സംബന്ധിച്ച ദുരൂഹത പൂർണമായും നീക്കാൻ ആകുമെന്നും അന്വേഷണസംഘം വിലയിരുത്തുന്നു.

Similar Posts