
മിച്ചഭൂമിയിലെ വനവത്കരണം: പാലക്കാട് തൃക്കടിരി കുടിയൊഴിപ്പിക്കൽ ഭീതിയിൽ കുടുംബം
|റവന്യു-വനംവകുപ്പുകളുടെ ഭൂമി തർക്കത്തിൽ കുടുങ്ങി കിടക്കുകയാണ് പാലക്കാട് തൃക്കടിരി പഞ്ചായത്തിലെ കുന്നുംപുറം ലക്ഷം വീട് നഗറിലെ കുഞ്ചുണ്ണിയും കുടുംബവും
പാലക്കാട്: മിച്ചഭൂമിയിൽ വനംവകുപ്പ് അവകാശവാദം ഉന്നയിച്ചതോടെ കുടിയൊഴിപ്പിക്കൽ ഭീതിയിൽ കുടുംബം. പാലക്കാട് തൃക്കടിരി ലക്ഷം വീട് നഗറിലെ വീടുനിർമാണം മുടങ്ങി. തകർന്ന് വീഴാറായ കുടിലിൽ അന്തിയുറങ്ങുന്നത് 10 പേർ. ലൈഫ് പദ്ധതിയിൽ വീട് നിർമിക്കാൻ പഞ്ചായത്ത് തയ്യാറെങ്കിലും തടസ്സമാകുന്നത് വനംവകുപ്പ്.
റവന്യു-വനംവകുപ്പുകളുടെ ഭൂമി തർക്കത്തിൽ കുടുങ്ങി കിടക്കുകയാണ് പാലക്കാട് തൃക്കടിരി പഞ്ചായത്തിലെ കുന്നുംപുറം ലക്ഷം വീട് നഗറിലെ കുഞ്ചുണ്ണിയും കുടുംബവും. ലൈഫ് പദ്ധതി പ്രകാരം വീട് നൽകാൻ പഞ്ചായത്ത് തയ്യറാണെങ്കിലും വനം വകുപ്പ് അനുവദിക്കാത്തത് കാരണം ഇവർ ഇപ്പോഴും താമസിക്കുന്നത് ഒറ്റമുറിക്കുടിലിലാണ്. കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ് ആക്റ്റ് ആണ് കുരുക്കാവുന്നത്.
വർഷങ്ങൾക്ക് മുമ്പ് മിച്ചഭൂമിയായി റവന്യൂ വകുപ്പ് 20 കുടുംബങ്ങൾക്ക് പതിച്ച് നൽകിയ സ്ഥലമാണിത്. എസ്‌സി കുടുംബങ്ങൾക്ക് അടക്കം സർക്കാർ തന്നെ വീടും വെച്ച് നൽകി. എന്നാൽ പിന്നീട് വനം വകുപ്പ് ഈ ഭൂമിക്ക് അവകാശവാദം ഉന്നയിച്ചതോടെ പല കുടുംബങ്ങളും ഇവിടെ നിന്നും പോയി. വീട് തകർന്ന് വീണിട്ടും മറ്റ് എങ്ങോട്ടും പോകാൻ കഴിയാത്തതിനാൽ കുടിൽ കെട്ടി ഇവിടെ തന്നെ ഈ കുടുംബം താമസം തുടരുകയാണ്.
ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താൽ തൃക്കടീരി പഞ്ചായത്ത് തയ്യറാണെങ്കിലും വനം വകുപ്പ് അനുമതി നൽകുന്നില്ല. ജന്മിയിൽ നിന്നും ഭൂപരിഷ്ക്കരണ നിയമ പ്രകാരം റവന്യൂ വകുപ്പ് ഏറ്റെടുത്ത് മിച്ചഭൂമിയായി വിതരണം ചെയ്ത സ്ഥലമാണ് വനം വകുപ്പ് അവകാശവാദം ഉന്നയിക്കുന്നത്.