< Back
Kerala
ആഗോള അയ്യപ്പ സംഗമം; കണക്കിൽ  പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ്
Kerala

ആഗോള അയ്യപ്പ സംഗമം; കണക്കിൽ പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ്

Web Desk
|
17 Feb 2026 1:18 PM IST

തിരുത്തൽ അടിയന്തരമായി നടത്താൻ ടാക്സ്ഫോഴ്സിനെ രൂപീകരിച്ചു

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന്‍റെ കണക്കിൽ പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ്. ഓഡിറ്ററുടെ ഭാഗത്ത് പ്രശ്നമില്ല. ഓഡിറ്ററുമായി കൃത്യമായി ആശയവിനിമയം നടത്തിയില്ല. തിരുത്തൽ അടിയന്തരമായി നടത്താൻ ടാക്സ്ഫോഴ്സിനെ രൂപീകരിച്ചു.

ദേവസ്വം ബോർഡിന്‍റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ച പിന്നീട് പരിശോധിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ.ജയകുമാർ പറഞ്ഞു. അയ്യപ്പ സംഗമ നടത്തിപ്പിൽ ഊരാളുങ്കൽ ആവശ്യപ്പെട്ട തുക നൽകില്ലെന്നും ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനമായി.

ഇന്നത്തെ യോഗത്തിലേക്ക് സ്പോൺസർമാരുടെ പ്രതിനിധികളെയും ഊരാളുങ്കൽ അധികൃതരെയും വിളിപ്പിച്ചിരുന്നു. സംഗമത്തിന് ആകെ ചെലവായ തുക 6.32 കോടിയെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിലുള്ളത്. എന്നാൽ പരിപാടി നടത്തിയ ഊരാളുങ്കലിന്‍റെ കീഴിലെ ഇവൻ്റ് മാനേജ്മെന്‍റ് കമ്പനിയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ ജി എസ് ടി വകുപ്പിന് നൽകിയ ഇൻവോയിസിൽ സംഗമത്തിന്റെ ചെലവ് ജി എസ് ടി അടക്കം 7.11 കോടിയാണ്. ദേവസ്വം കമ്മീഷണർ നവംബർ മാസം സ്പെഷ്യൽ കമ്മീഷണർക്ക് കൈമാറിയ എസ്റ്റിമേറ്റിൽ സംഗമത്തിന്‍റെ ചെലവ് ജിഎസ്‍ടി ഉൾപ്പെടെ 4.5 കോടി രൂപ.

ഊരാളുങ്കൽ കണക്കുകൾ പെരുപ്പിച്ചു കാട്ടി എന്ന സംശയം ദേവസ്വം ബോർഡിനുണ്ട്. ഹൈക്കോടതിയിൽ നൽകി ഓഡിറ്റ് റിപ്പോർട്ടിൽ വസ്തുതാപരമായ പിഴവുകൾ ഉണ്ടെന്നും ബോർഡ് വാദിക്കുന്നു.



Similar Posts