< Back
Kerala
മുസ്​ലിം സ്​ത്രീകൾക്കെതിരെയുള്ള എഐ വെറുപ്പ് ഇസ്‌ലാമോഫോബിയയുടെ തുടർച്ചയാണെന്ന് ജിഐഒ
Kerala

മുസ്​ലിം സ്​ത്രീകൾക്കെതിരെയുള്ള എഐ വെറുപ്പ് ഇസ്‌ലാമോഫോബിയയുടെ തുടർച്ചയാണെന്ന് ജിഐഒ

Web Desk
|
12 March 2025 12:32 PM IST

സംഘ്പരിവാറിൻ്റെ വിഭജന രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്ന് ജിഐഒ സംസ്ഥാന പ്രസിഡന്റ് ഷിഫാന ബിന്ദ് സുബൈർ

കോഴിക്കോട്: മുസ്​ലിം സ്​ത്രീകൾക്കെതിരെയുള്ള എഐ വെറുപ്പ് ഇസ്‌ലാമോഫോബിയയുടെ തുടർച്ചയാണെന്ന് ജിഐഒ. എഐ ഉപയോഗിച്ച് ചിത്രങ്ങൾ സൃഷ്ടിച്ചത് യഥാർഥത്തിൽ മുസ്‌ലിം സ്ത്രീകളുടെ അഭിമാനത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണെന്ന് ജിഐഒ സംസ്ഥാന പ്രസിഡന്റ് ഷിഫാന ബിന്ദ് സുബൈർ ഫേസ്ബുക്കിൽ കുറിച്ചു.

'മുസ്‌ലിംകളെ അപരവൽക്കരിക്കാനുള്ള ഹിന്ദുത്വ പ്രചാരണത്തിന്റെ ഭാഗമാണ് ഇതെല്ലാം. സ്ത്രീകളുടെ ജീവിതത്തിനും തിരഞ്ഞെടുപ്പിനും എപ്പോഴും നിയന്ത്രണമുണ്ടാക്കുക എന്നതിന്റെ തുടർച്ചയാണ് ഈ സംഭവവും. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പുതിയ രീതിയിലുള്ള വെറുപ്പുൽപാദനം കൂടുതൽ അപകടകരമാണ്. കഴിഞ്ഞകാലത്തോളം ഇസ്‌ലാമോഫോബിയയെ ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സംഘ്പരിവാറിൻ്റെ വിഭജന രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്നും' ഷിഫാന ചൂണ്ടിക്കാട്ടി.

പോസ്റ്റിന്റെ പൂർണരൂപം:

മുസ്ലിം സ്ത്രീകളുടെ നിർമ്മിതവും അർദ്ധ അശ്ലീലവുമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടുക്കൊണ്ടിരിക്കുന്നത് അംഗീകരിക്കാവുന്നതല്ല. സാങ്കേതിക വിദ്യയുടെ തെറ്റായ ഉപയോഗം മാത്രമല്ല ഇത്; മറിച്ച്, ഒരു സമുദായത്തെ മുഴുവൻ അപമാനിക്കുന്നതിനായി മുസ്ലിം സ്ത്രീകളുടെ ശരീരങ്ങളെ ലക്ഷ്യമിടുന്ന ലിംഗഭേദപരമായ ഇസ്‌ലാമോഫോബിയയുടെ തുടർച്ചയാണ്. മുമ്പ് സുള്ളി ഡീല്സ് - ബുള്ളി ബായി എന്നിവയിൽ കാണപ്പെട്ട പോലെ, മുസ്ലിം സ്ത്രീകളെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ‘ലേലത്തിന്’ വെച്ചിരുന്ന സംഭവങ്ങളുടെ അതേ പാതയിലാണ് ഈ ഡിജിറ്റൽ ആക്രമണങ്ങളും. എഐ ഉപയോഗിച്ച് ചിത്രങ്ങൾ സൃഷ്ടിച്ചത് യഥാർഥത്തിൽ മുസ്ലിം സ്ത്രീകളുടെ അഭിമാനത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണ്.

ഇന്ത്യയിൽ ഈ ആക്രമണങ്ങൾ ഒറ്റപ്പെട്ടവയല്ല. മുസ്ലിംകളെ അപരവൽക്കരിക്കാനുള്ള ഹിന്ദുത്വ പ്രചാരണത്തിന്റെ ഭാഗമാണ് ഇതെല്ലാം. മുസ്ലിം സ്ത്രീകളുടെ ജീവിതത്തിനും തിരഞ്ഞെടുപ്പിനും എപ്പോഴും നിയന്ത്രണമുണ്ടാക്കുക എന്നതിന്റെ തുടർച്ചയാണ് ഈ സംഭവവും. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പുതിയ രീതിയിലുള്ള വെറുപ്പുൽപാദനം കൂടുതൽ അപകടകരമാണ്. കഴിഞ്ഞകാലത്തോളം ഇസ്‌ലാമോഫോബിയയെ ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാറിൻ്റെ വിഭജന രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഇതും. ഇപ്പോഴുള്ള ഡിജിറ്റൽ ആക്രമണം വെറും ഇന്റർനെറ്റ് ഹരാസ്മെൻ്റ് മാത്രമല്ല— ഒരു സമുദായത്തെ അപമാനിച്ച്, സ്ത്രീകളുടെ ഏജൻസിയെ ഇല്ലാതാക്കാനുള്ള കരുതികൂട്ടിയ ഗൂഡാലോചനയാണ്. ഇത്തരം ആക്രമണങ്ങൾക്കെതിരെ സാമൂഹിക പ്രതിരോധം തീർക്കുകയും ശക്തമായ നിയമനടപടികൾ സ്വീകരിക്കുകയും വേണം.


Similar Posts