
Photo | FB JP Nadda
കേരളത്തിന് എയിംസ് അനുവദിക്കും: കേന്ദ്രമന്ത്രി ജെ.പി നഡ്ഡ
|എയിംസിൽ കേരളത്തോട് വിവേചനം പാടില്ലെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു.
കൊല്ലം: കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ. എയിംസ് എപ്പോൾ വരുമെന്ന് മാധ്യമ പ്രവർത്തകർ ചോദിക്കുന്നുണ്ട്. എയിംസ് ശരിയായ സ്ഥലത്ത് ശരിയായ സമയത്ത് വരുമെന്നും കൊല്ലത്തെ ബിജെപി യോഗത്തിൽ നഡ്ഡ പറഞ്ഞു.
എയിംസിൽ കേരളത്തോട് വിവേചനം പാടില്ലെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. വേണ്ടത് രാഷ്ട്രീയ തീരുമാനമാണെന്നും നിലവിലെ തർക്കം കാരണം കേരളത്തിന് എയിംസ് നഷ്ടപ്പെടരുതെന്നും മന്ത്രി വ്യക്തമാക്കി.
മറ്റു സംസ്ഥാനങ്ങൾക്ക് രണ്ട് എയിംസ് അനുവദിച്ചു. കേരളത്തിൽ ഒരു എയിംസ് എങ്കിലും എന്തുകൊണ്ടായിക്കൂടാ എന്നും മന്ത്രി ചോദിച്ചു. കേരളത്തിന്റെ ആവശ്യം കേന്ദ്രം അനുഭാവപൂർവം പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും അയച്ച കത്തിനോടും അദ്ദേഹം പോസിറ്റീവായി തന്നെയാണ് പ്രതികരിച്ചിട്ടുള്ളത്. എയിംസ് വേണമെന്നത് കേരളത്തിന്റെ പൊതുവായ ആവശ്യമാണെന്നും മന്ത്രി വിശദീകരിച്ചു.