< Back
Kerala
പറന്നുയര്‍ന്ന് ഒരു മണിക്കൂറിന് പിന്നാലെ ചെന്നൈയിൽ അടിയന്തര ലാന്‍ഡിങ്; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് എയർ ഇന്ത്യ
Kerala

പറന്നുയര്‍ന്ന് ഒരു മണിക്കൂറിന് പിന്നാലെ ചെന്നൈയിൽ അടിയന്തര ലാന്‍ഡിങ്; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് എയർ ഇന്ത്യ

Web Desk
|
11 Aug 2025 6:38 AM IST

കെ.സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ.രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നീ എംപിമാരും വിമാനത്തിലുണ്ടായിരുന്നു

തിരുവനന്തപുരം: എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. തിരുവനന്തപുരത്തുനിന്ന് ഡ‍ൽഹിയിലേക്കു പുറപ്പെട്ട എഐസി2455 വിമാനമാണ് ഇന്നലെ രാത്രി അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനത്തിന്‍റെ വെതർ റഡാ‌റിൽ സാങ്കേതിക പ്രശ്നം ഉണ്ടായതിനെ തുടർന്നാണ് അടിയന്തരമായി ഇറക്കിയത്. കെ.സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ.രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നീ എംപിമാരും വിമാനത്തിലുണ്ടായിരുന്നു. സാങ്കേതിക തകരാറിന്റെ കാരണം കണ്ടെത്തുന്നതിനായി എയർ ഇന്ത്യ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ വൈകിട്ട് 7.15നായിരുന്നു വിമാനം തിരുവനന്തപുരത്തു നിന്നും പറന്നുയരേണ്ടിയിരുന്നത്. എന്നാൽ വിമാനം അരമണിക്കൂറോളം വൈകിയാണ് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടത്. ഒരു മണിക്കൂര്‍ പറന്ന ശേഷമാണു ചെന്നൈയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തത്. സാങ്കേതിക പ്രശ്നത്തെ തുടർന്നാണു വിമാനം വഴിതിരിച്ചുവിട്ടതെന്ന് എയർ ഇന്ത്യ അറിയിച്ചു.

വിമാനത്തിലെ മുഴുവൻ യാത്രക്കാരും സുരക്ഷിതരാണെന്നു കൊടിക്കുന്നിൽ സുരേഷ് എംപി ഫേസ്ബുക്കിലൂടെ അറിയിച്ചു. ക്യാപ്റ്റൻ വെങ്കിടേഷിന്റെ അസാമാന്യ മികവുമൂലം, റഡാറുമായി ബന്ധം നഷ്ടപ്പെടുകയും ചെന്നൈ വിമാനത്താവളത്തിലെ അടിയന്തര ലാൻഡിങ് സമയത്ത് മറ്റൊരു വിമാനവുമായി കൂട്ടിമുട്ടൽ ഒഴിവാക്കുകയും ചെയ്ത വിമാനം മുഴുവൻ യാത്രക്കാരുമായി സുരക്ഷിതരായി ചെന്നൈയിൽ ലാൻഡ് ചെയ്തുവെന്ന് കൊടിക്കുന്നിൽ സുരേഷ് കുറിച്ചു.

അതേസമയം, സാങ്കേതിക തകരാറിന്റെ കാരണം കണ്ടെത്തുന്നതിനായി എയർ ഇന്ത്യ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനും നീക്കം തുടങ്ങിയിട്ടുണ്ട്.

Similar Posts