< Back
Kerala
പലരും ആക്ഷേപിക്കാൻ ശ്രമിച്ചെങ്കിലും ജനങ്ങൾക്ക് പ്രിയപ്പെട്ട നേതാവ്; വി.കെ ഇബ്രാഹീം കുഞ്ഞിന്റെ മരണത്തിൽ അനുശോചിച്ച് എ.കെ ആന്റണി
Kerala

പലരും ആക്ഷേപിക്കാൻ ശ്രമിച്ചെങ്കിലും ജനങ്ങൾക്ക് പ്രിയപ്പെട്ട നേതാവ്; വി.കെ ഇബ്രാഹീം കുഞ്ഞിന്റെ മരണത്തിൽ അനുശോചിച്ച് എ.കെ ആന്റണി

Web Desk
|
6 Jan 2026 4:26 PM IST

പരിചയ സമ്പന്നനായ രാഷ്ട്രീയ നേതാവാണ് അന്തരിച്ച ഇബ്രാഹീം കുഞ്ഞെന്ന് ജി.സുധാകരൻ

കോഴിക്കോട്: ജനപ്രിയനായ നേതാവായിരുന്നു അന്തരിച്ച മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി.കെ ഇബ്രാഹീം കുഞ്ഞെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. ദീർഘകാലമായി അടുപ്പമുള്ള കുടുംബമാണ് ഇബ്രാഹീം കുഞ്ഞിന്റേത്. ഏറ്റവും ജനപ്രിയനായ മന്ത്രിയും ജന നേതാവുമായിരുന്നു. പലരും ആക്ഷേപിക്കാൻ ശ്രമിച്ചെങ്കിലും ജനങ്ങൾക്ക് പ്രിയപ്പെട്ട നേതാവായിരുന്നുവെന്ന് എ.കെ ആന്റണി ഓർത്തെടുത്തു.

'ഇബ്രാഹീം കുഞ്ഞ് മാറിയതിന് ശേഷമാണ് അദ്ദേഹത്തിന്റെ മണ്ഡലത്തിന്റെ ചിത്രം മാറിയത്. ജനപ്രിയ നേതാക്കളുടെ പട്ടികയിലുള്ള നനേതാവാണ്. ജനസേവനത്തിനായി രാപകലില്ലാതെ പ്രവർത്തിച്ചിരുന്ന നേതാവാണ്. വളരെക്കാലമായി അറിയുന്ന എന്റെ പ്രിയ സുഹൃത്തിന്റെ വേർപാടിൽ ആഘാതമായ ദുഃഖം രേഖപ്പെടുത്തുന്നു' എന്ന് എ.കെ ആന്റണി പറഞ്ഞു.

പരിചയ സമ്പന്നനായ രാഷ്ട്രീയ നേതാവാണ് അന്തരിച്ച ഇബ്രാഹീം കുഞ്ഞെന്ന് ജി.സുധാകരനും പ്രതികരിച്ചു. മുസ്‌ലിം ലീഗിന്റെ കരുത്തുറ്റ നേതാവും നല്ലൊരു സുഹൃത്തുമായിരുന്നുവെന്ന് സുധാകരൻ ഓർത്തെടുത്തു.

ഏറെ നാളായി അർബുദബാധിതനായി ചികിത്സയിലായിരുന്ന ഇബ്രാഹീം കുഞ്ഞ് ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. നാല് തവണ എംഎൽഎയും രണ്ട് തവണ മന്ത്രിയുമായിട്ടുള്ള അദ്ദേഹം മുസ്ലിം ലീഗ് ഉന്നതാധികാരസമിതിയിലടക്കം പ്രവർത്തിച്ചിട്ടുണ്ട്. ചന്ദ്രിക ഡയറക്ടർ ബോർഡ് അംഗമടക്കമുള്ള പദവികൾ വഹിച്ചിരുന്നു.

2001ലും 2006ലും മട്ടാഞ്ചേരിയിൽ നിന്നും 2011ലും 2016ലും കളമശേരിയിൽ നിന്നും നിയമസഭാംഗമായ അദ്ദേഹം യുഡിഎഫ് സർക്കാരുകളിൽ വ്യവസായ, പൊതുമരാമത്ത് വകുപ്പുകളുടെ മന്ത്രിയായിരുന്നു.

Similar Posts