< Back
Kerala
ജമാഅത്ത് ആഭ്യന്തരവകുപ്പ് ഭരിക്കുമെന്ന് പറഞ്ഞിട്ടില്ല, അവർ നിയന്ത്രിക്കുമെന്നാണ് പറഞ്ഞത്: മലക്കംമറിഞ്ഞ് എ.കെ ബാലൻ
Kerala

'ജമാഅത്ത് ആഭ്യന്തരവകുപ്പ് ഭരിക്കുമെന്ന് പറഞ്ഞിട്ടില്ല, അവർ നിയന്ത്രിക്കുമെന്നാണ് പറഞ്ഞത്': മലക്കംമറിഞ്ഞ് എ.കെ ബാലൻ

Web Desk
|
10 Jan 2026 11:54 AM IST

തന്നെ ന്യൂനപക്ഷ വിരുദ്ധനാക്കാനുള്ള ശ്രമം നടക്കുന്നതായും എ.കെ ബാലൻ

പാലക്കാട്: മാറാട് കലാപത്തില്‍ ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ചുള്ള വിവാദ പരാമര്‍ശം പിന്‍വലിക്കാതെ സിപിഎം നേതാവ് എ.കെ ബാലന്‍. ജമാഅത്തെ ഇസ്‌ലാമി അയച്ച വക്കീല്‍ നോട്ടീസ് തനിക്ക് ലഭിച്ചെന്നും മാപ്പ് പറയാന്‍ മനസില്ലെന്നും ബാലന്‍ പറഞ്ഞു. തന്നെ അവഹേളിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടന്നത്്. നോട്ടീസില്‍ പറയുന്നത് വസ്തുതാവിരുദ്ധമാണെന്നും ജയിലില്‍ പോകേണ്ടി വന്നാല്‍ സന്തോഷപൂര്‍വം വിധി സ്വീകരിക്കുമെന്നും ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'നോട്ടീസില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണ്. സിപിഎമ്മിനെയും എന്നെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് വക്കീല്‍ നോട്ടീസ്. തന്നെ ന്യൂനപക്ഷ വിരുദ്ധനാക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമമാണ് ഇതിലൂടെ നടന്നത്. പൊതുജീവിതത്തില്‍ ഇതുവരെ മതനിരപേക്ഷതയ്ക്ക് എതിരായി ഒന്നും ചെയ്തിട്ടില്ല. ഇന്നോളം ഫാസിസ്റ്റ് വിരുദ്ധ സമീപനമാണ് സ്വീകരിച്ചത്.'

'തനിക്ക് നോട്ടീസ് അയച്ച ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി അവരുടെ നയം വ്യക്തമാക്കണം. മതരാഷ്ട്ര വാദമാണോ ലക്ഷ്യം എന്നതില്‍ വ്യക്തത വരുത്തിയിട്ട് വേണം തനിക്ക് നോട്ടീസ് അയക്കാന്‍. തന്റെ പ്രസ്താവന ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ് ഈ സംസാരങ്ങള്‍ക്ക് കാരണം. അഭിപ്രായം പറയാനുള്ള തന്റെ സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നതാണ്. അത് വളച്ചൊടിച്ച് വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണ്. ആരെയും അധിക്ഷേപിക്കുന്ന പരാമര്‍ശം താന്‍ നടത്തിയിട്ടില്ല. വക്കീല്‍ നോട്ടീസിലുള്ളത് പ്രകാരം ഒരു രാഷ്ട്രീയത്തെ കുറിച്ചോ നേതാവിനെ കുറിച്ചോ താന്‍ പറഞ്ഞിട്ടില്ല.' ബാലന്‍ നിഷേധിച്ചു.

'വര്‍ഗീയതയെ കുറിച്ച് അപകടം പറയുന്നതില്‍ പ്രശ്‌നമില്ല. വര്‍ഗീയ ശക്തികളുടെ സഹായത്തോടെ അധികാരത്തില്‍ വന്നാല്‍ അവര്‍ സ്വാധീനം ചെലുത്തും'. ജമാഅത്തെ ഇസ്‌ലാമി സ്വാധീനിക്കുമെന്നാണ് പറഞ്ഞതെന്നും ഭരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

Similar Posts