
കളമശ്ശേരി പോളിടെക്നിക്ക് കഞ്ചാവ് കേസിലെ പ്രതി ആകാശ് റിമാൻഡിൽ
|ഹോസ്റ്റലിൽ കഞ്ചാവ് സൂക്ഷിച്ചത് വിൽപനയ്ക്കെന്ന് റിമാൻഡ് റിപ്പോർട്ട്
കൊച്ചി: കളമശ്ശേരി പോളിടെക്നിക്ക് കഞ്ചാവ് കേസിലെ പ്രതി ആകാശ് റിമാൻഡിൽ. ഹോസ്റ്റലിൽ കഞ്ചാവ് സൂക്ഷിച്ചത് വിൽപനയ്ക്കെന്ന് റിമാൻഡ് റിപ്പോർട്ട്. ആകാശ് വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന നടത്തുന്ന ആളാണെന്നും കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. ആകാശിന്റെ മുറിയിൽ നിന്ന് ഒരു കിലോ 900 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് തൂക്കി നല്‍കാൻ ഉപയോഗിച്ച ത്രാസും പൊലീസ് പിടികൂടിയിരുന്നു.
കേസിൽ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എസ്എഫ്ഐ യൂണിയൻ ജനറൽ സെക്രട്ടറി അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവും മദ്യവും പിടിച്ചെടുത്തത്.