< Back
Kerala
അർജുന്റെ സഹോദരിയുടെ എംഗേജ്‌മെന്റിന് കുടുംബത്തിന് പുറത്തുനിന്ന് ക്ഷണിച്ചത് എന്നെ മാത്രം; മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് എ.കെ.എം അഷ്‌റഫ് എംഎൽഎ
Kerala

'അർജുന്റെ സഹോദരിയുടെ എംഗേജ്‌മെന്റിന് കുടുംബത്തിന് പുറത്തുനിന്ന് ക്ഷണിച്ചത് എന്നെ മാത്രം'; മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് എ.കെ.എം അഷ്‌റഫ് എംഎൽഎ

അഹമ്മദലി ശര്‍ഷാദ്
|
2 Feb 2026 2:18 PM IST

'സഭ ടിവി'യിൽ അഴീക്കോട് എംഎൽഎയും സിപിഎം നേതാവുമായ കെ.വി സുമേഷുമായുള്ള സംഭാഷണത്തിലാണ് എ.കെ.എം അഷ്റഫ് അനുഭവം പങ്കുവെച്ചത്

തിരുവനന്തപുരം: ലോറി അപകടത്തിൽ മരിച്ച അർജുനെ കണ്ടെത്താനായി നടത്തിയ പരിശ്രമങ്ങളാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമെന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫ്. കോഴിക്കോടുള്ള അർജുനെന്ന ചെറുപ്പക്കാരൻ അപകടത്തെ തുടർന്ന് മണ്ണിനടിയിൽപ്പെട്ടു എന്ന വാർത്ത ടിവി ചാനലുകളിൽ നിന്നാണ് അറിഞ്ഞത്. മാധ്യമങ്ങളിൽ വാർത്ത സജീവമായി നിൽക്കുന്ന സമയത്ത് സാദിഖലി തങ്ങളുടെ നിർദേശപ്രകാരമാണ് കാർവാറിലേക്ക് പോയത് എന്നും 'സഭ ടിവി'യിൽ അഴീക്കോട് എംഎൽഎയും സിപിഎം നേതാവുമായ കെ.വി സുമേഷുമായുള്ള സംഭാഷണത്തിൽ അഷ്‌റഫ് പറഞ്ഞു.

45 ദിവസം കാർവാറിൽ താമസിച്ചാണ് തിരച്ചിലിന് നേതൃത്വം നൽകിയത്. ആ സമയത്ത് തന്റെ മണ്ഡലത്തിൽ നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. പ്ലസ് ടു സീറ്റ് പരിമിതി അടക്കം അടിയന്തര ഇടപെടൽ വേണ്ട വിഷയങ്ങളുണ്ടായിരുന്നു. എന്നാൽ നിങ്ങൾ അർജുനെ കണ്ടെത്തിയിട്ട് വന്നാൽ മതി, ഇവിടെയുള്ള പ്രശ്‌നങ്ങൾ നോക്കേണ്ട എന്നാണ് നാട്ടുകാർ പറഞ്ഞത്. ഇപ്പോഴും എവിടെപ്പോയാലും അർജുനെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങളുടെ പേരിൽ ആളുകൾക്ക് വലിയ സ്‌നേഹമാണ്. അടുത്തിടെ ദുബൈയിൽ പോയപ്പോൾ കണ്ട ഒരാൾ 'നിങ്ങളെ കാണാൻ വളരെയധികം ആഗ്രഹിച്ചിരുന്നു' എന്ന് പറഞ്ഞത് വലിയ അനുഭവമായി.

അർജുനെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങളുടെ അനുഭവം പങ്കുവെച്ച് പുസ്‌കമെഴുതാൻ പറഞ്ഞത് എം.കെ മുനീറാണ്. സ്പീക്കർ എ.എൻ ഷംസീറും വലിയ പിന്തുണ നൽകി. കാർവാറിൽ ഉള്ള സമയത്ത് മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ, എംഎൽഎമാരായ വിജിൻ, ലിന്റോ തുടങ്ങി നിരവധിപേരാണ് സഹകരിച്ചത്. കേരളമൊന്നാകെ വലിയ പിന്തുണ നൽകിയ സംഭവമായിരുന്നു അത്. അടുത്തിടെയാണ് അർജുന്റെ സഹോദരിയുടെ എംഗേജ്‌മെന്റ് നടന്നത്. അർജുന്റെ അമ്മ അവരുടെ കുടുംബത്തിന് പുറത്തുനിന്ന് ചടങ്ങിലേക്ക് ക്ഷണിച്ച ഏക വ്യക്തി താനാണ്. അർജുന്റെ കുടുംബം തന്റെ കുടുംബം പോലെയാണെന്നും എ.കെ.എം അഷ്‌റഫ് പറഞ്ഞു.

2024 ജൂലൈ 16-ന് ദേശീയപാത 66-ൽ ഉണ്ടായ അതിശക്തമായ മണ്ണിടിച്ചിലിലാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുൻ ഓടിച്ചിരുന്ന ലോറി കാണാതായത്. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലുള്ള അങ്കോളക്ക് സമീപം ഷിരൂർ എന്ന സ്ഥലത്താണ് അപകടം നടന്നത്. തുടക്കത്തിൽ കർണാടക പൊലീസും ഫയർഫോഴ്സും നടത്തിയ തിരച്ചിൽ പിന്നീട് സൈന്യവും എൻഡിആർഎഫും ഏറ്റെടുത്തു. പ്രതികൂല കാലാവസ്ഥയും ഗംഗാവലി പുഴയിലെ ശക്തമായ ഒഴുക്കും ദൗത്യത്തിന് വലിയ തടസമായിരുന്നു.

ഐബോഡ് ഡ്രോൺ പരിശോധനയും സോണാർ സിഗ്‌നലുകളും ഉപയോഗിച്ചാണ് ലോറി പുഴയുടെ അടിയിലുണ്ടെന്ന് സ്ഥിരീകരിച്ചത്. 72 ദിവസത്തെ അനിശ്ചിതത്വങ്ങൾക്കും തിരച്ചിലിനുമൊടുവിൽ, സെപ്റ്റംബർ 25-ന് പുഴയുടെ അടിത്തട്ടിൽ നിന്ന് ലോറിയും അർജുന്റെ ഭൗതികശരീരവും കണ്ടെത്തുകയായിരുന്നു.

Similar Posts