< Back
Kerala
കാലികളെ ഇറക്കിയ തൊഴിലാളികളെ മര്‍ദിച്ച സംഭവം: മഞ്ചേശ്വരത്തും സംഘ്പരിവാറിന്റെ ഉത്തരേന്ത്യൻ മോഡൽ അക്രമമെന്ന് എ.കെ.എം അഷ്റഫ് എംഎല്‍എപരിക്കേറ്റവരെ എ.കെ.എം അഷ്റഫ് എംഎല്‍എ സന്ദര്‍ശിക്കുന്നു  Photo- AKM Ashraf FB Post
Kerala

കാലികളെ ഇറക്കിയ തൊഴിലാളികളെ മര്‍ദിച്ച സംഭവം: മഞ്ചേശ്വരത്തും സംഘ്പരിവാറിന്റെ ഉത്തരേന്ത്യൻ മോഡൽ അക്രമമെന്ന് എ.കെ.എം അഷ്റഫ് എംഎല്‍എ

റിഷാദ് അലി
|
14 Feb 2026 7:31 PM IST

തെരഞ്ഞെടുപ്പിന് മുന്നോടിയായി മഞ്ചേശ്വരത്ത് ആസൂത്രിതമായ കലാപങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ സംഘ്പരിവാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.

കാസര്‍കോട്: മഞ്ചേശ്വരത്ത് ലോറിയില്‍ നിന്ന് കന്നുകാലികളെ ഇറക്കിക്കൊണ്ടിരിക്കുകയായിരുന്ന തൊഴിലാളികളെ മര്‍ദിച്ച സംഭവം സംഘ്പരിവാറിന്റെ ഉത്തരേന്ത്യന്‍ മോഡല്‍ ആക്രമണമെന്ന് എ.കെ.എം അഷ്റഫ് എംഎല്‍എ.

തെരഞ്ഞെടുപ്പിന് മുന്നോടിയായി മഞ്ചേശ്വരത്ത് ആസൂത്രിതമായ കലാപങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ സംഘ്പരിവാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. കന്നുകാലികളെ കൊണ്ട് പോകുന്നതിനും മറ്റും കേരളത്തിൽ നിയമപ്രശ്നങ്ങൾ ഇല്ലാതിരിക്കുമ്പോൾ ഉത്തരേന്ത്യൻ മാതൃകയിൽ നടത്തിയ ഈ ക്രൂര അക്രമത്തിന്റെ കാര്യം ജില്ലാ പൊലീസ് മേധാവിയുടെ ശ്രദ്ധയിൽപെടുത്തിയെന്നും എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും എംഎല്‍എ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം. യുപി സ്വദേശികളും പാലക്കാട്ട് താമസിക്കുന്നവരുമായ ഫുര്‍ക്കാന്‍ (47), ദാവൂദ് (28) കാസര്‍കോട് സ്വദേശി അബ്ബാസ് എന്നിര്‍ക്കാണ് മര്‍ദനമേറ്റത്.മഞ്ചേശ്വരം ഉദ്യാവര്‍ അണ്ടര്‍പാസിനടുത്തു കന്നുകാലികളെ ലോറിയില്‍ നിന്ന് ഇറക്കിക്കൊണ്ടിരിക്കുമ്പോൾ ഓട്ടോറിക്ഷയിലും ബൈക്കിലുമെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മഞ്ചേശ്വരത്തും സംഘ് പരിവാറിന്റെ ഉത്തരേന്ത്യൻ മോഡൽ ആക്രമം. പാലക്കാട് നിന്ന് ലോറിയിൽ കൊണ്ടുവന്ന പോത്തുകളെ മഞ്ചേശ്വരത്തെ ഇറച്ചി കടയ്ക്ക് സമീപം ഇറക്കുന്നതിനിടെ ഓട്ടോറിക്ഷയിലും ബൈക്കിലുമായി എത്തിയ അഞ്ചോളം വരുന്ന സംഘപരിവാറിന്റെ ഭീകര സംഘം തൊഴിലാളികളെ ക്രൂരമായി മർദ്ദിച്ചു.

വധിക്കാനുള്ള ശ്രമത്തിനിടെ ജീവനുംകൊണ്ട് ഓടി രക്ഷപ്പെട്ടയു.പി.സ്വദേശികളായ ദാവൂദ് (42), ഫുർഖാൻ (50) എന്നിവരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്‌ .ക്രൂര മർദ്ദനത്തിന് ഇരയായ ഇരുവരെയും ആശുപത്രിയിൽ ചെന്ന് സന്ദർശിച്ചു.

ഇലക്ഷൻ മുന്നോടിയായി മഞ്ചേശ്വരത്ത് ആസൂത്രിതമായ കലാപങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ സംഘപരിവാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.

കന്നുകാലികളെ കൊണ്ട് പോകുന്നതിനും മറ്റും കേരളത്തിൽ നിയമപ്രശ്നങ്ങൾ ഇല്ലാതിരിക്കുമ്പോൾ ഉത്തരേന്ത്യൻ മാതൃകയിൽ നടത്തിയ ഈ ക്രൂര അക്രമത്തിന്റെ കാര്യം ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

അക്രമത്തിന് നേതൃത്വം നൽകിയ പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും.

Similar Posts