< Back
Kerala
ആലപ്പുഴ ഗര്‍ഡര്‍ അപകടം; നിർമാണ കമ്പനിക്കെതിരെ കേസ്

Photo| MediaOne

Kerala

ആലപ്പുഴ ഗര്‍ഡര്‍ അപകടം; നിർമാണ കമ്പനിക്കെതിരെ കേസ്

Web Desk
|
13 Nov 2025 1:05 PM IST

സുരക്ഷയൊരുക്കിയില്ലെന്നും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയില്ലെന്നും എഫ്ഐആറിൽ പറയുന്നു

ആലപ്പുഴ: ആലപ്പുഴ അരൂർ -തുറവൂർ ഉയരപ്പാത നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ നിർമാണ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. അശോക ബിൽഡ്കോൺ കമ്പനിക്കെതിരെ അരൂർ പൊലീസാണ് കേസെടുത്തത്. സുരക്ഷയൊരുക്കിയില്ലെന്നും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയില്ലെന്നും എഫ്ഐആറിൽ പറയുന്നു.

പുലർച്ചെ രണ്ടരയോടെ ആയിരുന്നു അപകടം. അരൂർ - തുറവൂർ ദേശീയപാതയിൽ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ നിലം പതിക്കുകയായിരുന്നു. റോഡിലൂടെ കടന്നുപോയ പിക്കപ്പ് വാനിന്‍റെ മുകളിലേക്കാണ് ഗർഡർ വീണത്. പിക്കപ്പ് വാൻ ഡ്രൈവർ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. മൂന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ആണ് പിക്കപ്പ് വാൻ നീക്കി മൃതദേഹം പുറത്തെടുത്തത്. സാങ്കേതിക പ്രശ്നമാണ് അപകടകാരണമെന്ന് സംഭവസ്ഥലം സന്ദർശിച്ച ആലപ്പുഴ ജില്ലാ കലക്ടർ അലക്സ് വർഗീസ് പറഞ്ഞു.

ഗർഡർ സ്ഥാപിക്കുന്നതിനിടെ ഹൈഡ്രോളിക് ജാക്കി തെന്നി മാറിയാണ് അപകടം. അപകട സമയത്ത് വാഹന നിയന്ത്രണം ഉൾപ്പെടെ സുരക്ഷാക്രമീകരണങ്ങളിൽ വീഴ്ച ഉണ്ടായെന്ന ആരോപണം ശക്തമാണ്. നഷ്ടപരിഹാരം ഉറപ്പാക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് രാജേഷിന്‍റെ കുടുംബം പ്രതികരിച്ചു.

Similar Posts