< Back
Kerala
സാറേ അത് തെറ്റാണ്, കേരളത്തിലെ ഏറ്റവും വലിയ ജില്ല ആലപ്പുഴയല്ല; ശരിയുത്തരം അറിയാം
Kerala

സാറേ അത് തെറ്റാണ്, കേരളത്തിലെ ഏറ്റവും വലിയ ജില്ല ആലപ്പുഴയല്ല; ശരിയുത്തരം അറിയാം

Web Desk
|
25 Sept 2025 1:31 PM IST

ജന സാന്ദ്രത കൂടുതല്‍ മലപ്പുറത്താണെങ്കിലും വലിയ ജില്ല ആലപ്പുഴയാണെന്നായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലിപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏതെന്ന ചോദ്യമാണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയാണ് ആലപ്പുഴയുടെ ഗതി മാറ്റിയത്. കലുങ്ക് സദസിലെ സംഭാഷണത്തിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.

'ഇപ്പോള്‍ ആലപ്പുഴ വികസനമൊന്നും ലഭിക്കാതെ പിന്നോട്ട് നില്‍ക്കുകയാണ്. എയിംസ് ഇവിടെ വരികയാണെങ്കില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെല്ലാം അത് വലിയ മാറ്റങ്ങളുണ്ടാക്കും. ഇന്‍ഫ്രാസ്ട്രക്ചറെല്ലാം ഉയരും. ഏറ്റവും വലിയ ജില്ലയാണ് ആലപ്പുഴ. ജന സാന്ദ്രത കൂടുതല്‍ മലപ്പുറത്താണെങ്കിലും വലിയ ജില്ല ആലപ്പുഴയാണ്' എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

എന്നാൽ മന്ത്രി പറഞ്ഞ പോലെ കേരളത്തിലെ ഏറ്റവും വലിയ ജില്ല ആലപ്പുഴയല്ല. കായലുകൾ, തോടുകൾ, മനോഹരമായ കടൽത്തീരങ്ങൾ, നദികൾ തുടങ്ങിയവയാൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയാണ് ആലപ്പുഴ. 1,414 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണ്ണം.

സംസ്ഥാനത്തെ വലിപ്പമേറിയ ജില്ലയെന്ന സ്ഥാനം 2023 സെപ്റ്റംബറിൽ ഇടുക്കി തിരിച്ചുപിടിച്ചിരുന്നു. അതുവരെ വലിപ്പമേറിയ ജില്ല പാലക്കാടായിരുന്നു. എറണാകുളം ജില്ലയിലെ കുട്ടമ്പുഴയുടെ ചില ഭാഗങ്ങൾ ഇടുക്കിയോട് കൂട്ടിച്ചേർത്തതോടെയാണ് ജില്ലയുടെ വിസ്തീർണം വർധിച്ച് ഒന്നാമതെത്തിയത്.

എറണാകുളം കോതമംഗലം താലൂക്കില്‍ കുട്ടമ്പുഴ വില്ലേജിലെ 12,718.5095 ഹെക്‌ടര്‍ സ്‌ഥലം ദേവികുളം താലൂക്കിലെ ഇടമലക്കുടി വില്ലേജിലേക്കു ചേര്‍ത്താണ് 2023ൽ സംസ്‌ഥാന സര്‍ക്കാര്‍ വിജ്‌ഞാപനമിറക്കിയത്. ഭരണ നിര്‍വഹണ സൗകര്യത്തിന് വേണ്ടിയായിരുന്നു നടപടി. ഇതോടെ ഇടുക്കിയുടെ വിസ്‌തീര്‍ണം 4358ൽ നിന്ന് 4612 ചതുരശ്ര കിലോമീറ്ററായി വർധിച്ചു. പാലക്കാടിന്‍റെ വിസ്തീർണം 4482 ചതുരശ്ര കിലോമീറ്ററാണ്.

1997 വരെ ഇടുക്കിയായിരുന്നു കേരളത്തിലെ വലിയ ജില്ല. 1997ൽ കുട്ടമ്പുഴ വില്ലേജിനെ എറണാകുളം ജില്ലയോട് ചേർത്തതോടെ ഇടുക്കിയുടെ വലിപ്പം കുറയുകയും പാലക്കാട് ഒന്നാമതെത്തുകയുമായിരുന്നു. മാറ്റത്തോടെ എറണാകുളം വലിപ്പത്തിൽ അഞ്ചാം സ്ഥാനത്തേക്കിറങ്ങി. മൂന്നാമത് മലപ്പുറവും നാലാമത് തൃശൂരുമാണ്.

Similar Posts