< Back
Kerala
എറണാകുളത്ത് എല്ലാ വ്യാപാര സ്ഥാപനങ്ങളും നാളെ തുറക്കും
Kerala

എറണാകുളത്ത് എല്ലാ വ്യാപാര സ്ഥാപനങ്ങളും നാളെ തുറക്കും

Web Desk
|
28 March 2022 9:46 PM IST

വ്യപാര സംഘടനകൾ സംയുക്തമായാണ് തീരുമാനമെടുത്തത്

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തിൽ എറണാകുളത്ത് എല്ലാ വ്യാപാര സ്ഥാപനങ്ങളും നാളെ തുറക്കും. വ്യപാര സംഘടനകൾ സംയുക്തമായാണ് തീരുമാനമെടുത്തത്. അതേസമയം സംസ്ഥാനത്ത് പണിമുടക്ക് ദിനത്തിൽ സമാരാനുകൂലികൾ പലയിടത്തും അക്രമം അഴിച്ചു വിട്ടതായി പരാതി. നിരത്തിലിറങ്ങിയ വാഹനങ്ങൾ പലയിടത്തും സമരാനുകൂലികൾ തടഞ്ഞു. വാഹനങ്ങൾ നിരത്തിലിറക്കിയതും ജോലിക്കെത്തിയതുമാണ് അക്രമത്തിനു കാരണമായത്.

കോഴിക്കോട് ഓട്ടോറിക്ഷയുടെ ചില്ല് സമരക്കാർ തകർത്തു. കൊച്ചി അമ്പലമുകൾ റിഫൈനറിയിലും, പാലക്കാട് കഞ്ചിക്കോടും ജോലിക്കെത്തിയവരെ സമരക്കാർ തിരിച്ചയച്ചു. കോഴിക്കോട് ഓട്ടോറിക്ഷകൾ തടഞ്ഞ സമരാനുകൂലികൾ, ടയറിന്റെ കാറ്റഴിച്ചു വിട്ടു. അശോകപുരത്ത് കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ സമരക്കാർ അടിച്ചു തകർത്തു. കോതമംഗലം പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിയെ സമരാനുകൂലികൾ മർദിച്ചു.പിണ്ടിമന പഞ്ചായത്ത് സെക്രട്ടറി കെ മനോജിനെയാണ് മർദിച്ചത്. തിരുവനന്തപുരം മംഗലപുരത്ത് സമരാനുകൂലികൾ അടപ്പിച്ച പെട്രോൾ പമ്പ് ഡി വൈ എഫ് ഐ പ്രവർത്തകർ തുറപ്പിച്ചു. പമ്പ് തുറന്നതറിഞ്ഞ് സമരാനുകൂലികൾ വീണ്ടുമെത്തി കല്ലെറിയുകയായിരുന്നു.

മുക്കം നോർത്തിൽ നിർബന്ധിച്ചു പമ്പ് അടപ്പിക്കാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. കൊയിലാണ്ടിയിൽ കട തുറന്ന വ്യാപാരിയുടെ മുഖത്തു നായ്കുരണ പൊടി വിതറിയതായും പരാതിയുണ്ട്. തിരൂരിൽ ആശുപത്രിയിലേക്ക് രോഗിയുമായി പോയ ഓട്ടോ ഡ്രൈവറെ മർദിച്ചു. തിരൂർ സ്വദേശി യാസിറിനാണ് മർദനമേറ്റത് തിരുവനന്തപുരം കാട്ടാക്കടയിൽ നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങളെ റോഡിൽ കസേരകൾ നിരത്തി സമരക്കാർ തടഞ്ഞു. പണിമുടക്കിൽ പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖല പൂർണ്ണമായും സ്തംഭിച്ചു . കിൻഫ്രയിലേക്ക് ജോലിക്കായി എത്തിയ തൊഴിലാളികളെ സമരക്കാർ തിരിച്ചയച്ചു. ബിപിസിഎല്ലിൽ ജോലിക്കെത്തിയവരെ സമരക്കാർ തടഞ്ഞെങ്കിലും, പൊലീസ് ഇടപെട്ട് ജോലിക്ക് കയറ്റി. എറണാകുളം പള്ളിക്കരയിൽ പോലീസ് സംരക്ഷണത്തിൽ കടകൾ തുറന്ന വ്യാപാരികൾക്കെതിരെ സമരക്കാർ പ്രതിഷേധ പ്രകടനം നടത്തി.

ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ ഇന്ന് ആകെ ഹാജരായത് ചീഫ് സെക്രട്ടറിയടക്കം 32 പേർ മാത്രമാണ്. സെക്രട്ടറിയേറ്റിൽ 4,828 ഉദ്യോഗസ്ഥരാണ് ആകെയുള്ളത്. സംസ്ഥാനത്തെ ഒട്ടുമിക്ക സർക്കാർ ഓഫീസുകളിലേയും പ്രവർത്തനവും സമാന നിലയിലായിരുന്നു. ഇതിനിടെ സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും അത് വിലക്കി കൊണ്ട് ഉത്തരവിടണമെന്നും സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു.

Similar Posts