< Back
Kerala
k surendran

കെ.സുരേന്ദ്രന്‍

Kerala

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ.സുരേന്ദ്രൻ ഉൾപ്പെടെ മുഴുവൻ പ്രതികളും ഇന്ന് കോടതിയില്‍ ഹാജരാകും

Web Desk
|
21 Sept 2023 6:50 AM IST

ഇന്ന് കോടതിയിൽ ഹാജരാകണമെന്ന കർശന നിര്‍ദേശം കോടതി കഴിഞ്ഞ ദിവസം നൽകിയിരുന്നു

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ ഉൾപ്പെടെ മുഴുവൻ പ്രതികളും ഇന്ന് കാസർകോട് ജില്ല സെഷൻസ് കോടതിയിൽ ഹാജരാവും. ഇന്ന് കോടതിയിൽ ഹാജരാകണമെന്ന കർശന നിര്‍ദേശം കോടതി കഴിഞ്ഞ ദിവസം നൽകിയിരുന്നു .

സുരേന്ദ്രനെ കൂടാതെ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ബി.ജെ.പി മുൻ ജില്ല അധ്യക്ഷൻ കെ.കെ. ബാലകൃഷ്‌ണ ഷെട്ടി, നേതാക്കളായ സുരേഷ്‌ നായിക്‌, കെ.മണികണ്‌ഠ റൈ, ലോകേഷ്‌ നോഡ എന്നിവരാണ്‌ കേസിലെ മറ്റ് പ്രതികൾ., 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിനിടിയിലാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാർഥിയായ സുന്ദരക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് സുരേന്ദ്രനെതിരായ കേസ്.

സ്ഥാനാർഥിത്വം പിൻവലിച്ച സമയത്ത് ജില്ലയിലുണ്ടായിരുന്നില്ലെന്നും ആരോപണമുന്നയിച്ച സുന്ദരയെ അറിയില്ലെന്നും ഒന്നേമുക്കാൽ നീണ്ട ചോദ്യംചെയ്യലിൽ സുരേന്ദ്രൻ ആവർത്തിച്ച് പറയുകയായിരുന്നു. സുന്ദര തന്റെ സ്ഥാനാർഥിത്വം പിൻവലിക്കുന്നത് സംബന്ധിച്ച രേഖകൾ തയാറാക്കിയ അതേ ഹോട്ടലിലായിരുന്നു സുരേന്ദ്രൻ താമസിച്ചിരുന്നത്.

എൽ.ഡി.എഫ് സ്ഥാനാർഥിയായ വി.വി രമേശനാണ് സംഭവത്തിൽ ആദ്യം കോടതിയെ സമീപിച്ചിരുന്നത്. തുടർന്ന് ബദിയടുക്ക പൊലീസ് കേസെടുക്കുകയായിരുന്നു. ശേഷം ജില്ലാ ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുക്കുകയുമായിരുന്നു. ബി.ജെ.പി ജില്ലാ നേതാക്കളായ സുനിൽ ഷെട്ടി, ബാലകൃഷ്ണ നായിക്ക് തുടങ്ങിയവരെ ചോദ്യം ചെയ്തിരുന്നു. ഇവർ സുന്ദരക്ക് പണം കൈമാറുകയും സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള രേഖകൾ തയാറാക്കാൻ സഹായിച്ചുവെന്നുമാണ് ആരോപണം. കെ. സുന്ദരയെ തട്ടക്കൊണ്ടു പോയി എന്നാരോപിക്കപ്പെട്ടവരെയും ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് സുരേന്ദ്രനെ വിളിപ്പിച്ചത്.

Similar Posts