< Back
Kerala
All the girls are talking on the phone Says Actor Salim Kumar
Kerala

'പെൺകുട്ടികൾ മുഴുവൻ ഫോണിൽ സംസാരിച്ചാണ് നടക്കുന്നത്; ഇപ്പോഴത്തെ കുട്ടികൾക്ക് ആകെ അറിയുന്നത് ശവസംസ്‌കാരം': വിവാദ പരാമർശവുമായി സലിം കുമാർ

Web Desk
|
8 April 2025 10:09 PM IST

'ഒന്നാമത് ചെറിയ വഴിയാണ് നമ്മുടേത്. ആ ചെറിയ വഴിയിലൂടെ ഇവരിങ്ങനെ സംസാരിച്ചുകൊണ്ടുപോവുകയാണ്'.

കോഴിക്കോട്: കേരളത്തിലെ പെൺകുട്ടികളെല്ലാം മുഴുവൻ സമയം മൊബൈൽ ഫോണിലാണെന്ന് നടൻ സലിം കുമാർ. കേരളത്തോട് ഇവർക്കെല്ലാം പുച്ഛമാണെന്നും പുതിയ തലമുറയെ സംസ്കാരം പഠിപ്പിക്കണമെന്നും സലിംകുമാർ പറഞ്ഞു. ഇപ്പോഴത്തെ കുട്ടികൾക്ക് നമ്മുടെ നാടിന്റെ സംസ്കാരം അറിയില്ലെന്നും അവർക്ക് ആകെ അറിയുന്നത് ശവസംസ്‌കാരമാണെന്നും സലിം കുമാർ ആരോപിച്ചു. കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച ത്രിവർണോത്സവം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു സലിംകുമാറിന്റെ വിവാദ പരാമർശം.

'ഞാൻ പറവൂരിൽനിന്ന് കോഴിക്കോട് വരെ എത്തുന്ന നേരം റോഡിലൂടെ പോവുന്ന പെൺകുട്ടികൾ മുഴുവൻ മൊബൈൽ ഫോണിലൂടെ സംസാരിച്ചാണ് പോവുന്നത്. നിങ്ങൾ നാളെത്തൊട്ട് ശ്രദ്ധിച്ചോ. ഒരു പെൺകുട്ടി പോലും മൊബൈൽ ഫോണിൽ സംസാരിക്കാതെ പോവുന്നില്ല. ഇന്ത്യ ഭരിക്കുന്ന മോദിക്കുണ്ടാവില്ല ഇത്ര തിരക്ക്. ഇവരെന്താണ് ഈ പറയുന്നത്. പഠിക്കുന്ന പിള്ളേരാണ്... ഒരാളാണെങ്കിൽ വിചാരിക്കാം, ഒരാളല്ലേ എന്ന്... ഞാനെല്ലാം ചെക്ക് ചെയ്തു. വരുന്ന സകല പിള്ളേരും ശ്രദ്ധിക്കുന്നേയില്ല. ഹോണടിക്കുമ്പോ മാറുമോ, അതുമില്ല'- സലിം കുമാർ പറയുന്നു.

'ഒന്നാമത് ചെറിയ വഴിയാണ് നമ്മുടേത്. ആ ചെറിയ വഴിയിലൂടെ ഇവരിങ്ങനെ സംസാരിച്ചുകൊണ്ടുപോവുകയാണ്. അപ്പോൾ നമ്മുടെ തലമുറയെ സംസ്‌കാരം എന്തെന്ന് പഠിപ്പിക്കേണ്ടിയിരിക്കുന്നു. പുതിയ ആളുകൾക്ക് കേരളത്തോടൊക്കെ പരമപുച്ഛമാണ്. അവർക്ക് ഇവിടം വിട്ടുപോവാനാണ് താത്പര്യം. പഠിക്കുന്ന എല്ലാവരുടേയും ലക്ഷ്യം യുകെ, ആസ്‌ത്രേലിയ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോവാനാണ്. സ്വന്തം നാട്ടിൽ നിൽക്കാൻ താത്പര്യമില്ല'.

'നമ്മുടെ നാടിന്റെ സംസ്‌കാരം ഇപ്പോഴത്തെ കുട്ടികൾക്കറിയില്ല. അവർക്ക് ആകെ അറിയുന്നത് ശവസംസ്‌കാരമാണ്. 50 ശതമാനം കുട്ടികളും മയക്കുമരുന്നിന് അടിമപ്പെട്ടുകഴിഞ്ഞു, അല്ലാത്തവൻമാരൊക്കെ വേറെ നാട്ടിലേക്ക് പോയി... കുറച്ച് കാലം കഴിയുമ്പോൾ നല്ല വിത്തുകളൊന്നും ഈ നാട്ടിൽ ഉണ്ടാവില്ല. ആ അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. എത്ര കൊലപാതകങ്ങളാണ് കഞ്ചാവ് വലിച്ചിട്ട് നടക്കുന്നത്. താമരശ്ശേരിക്കടുത്ത് ആ ഗ്രാമത്തിൽ രണ്ട് പേരെയാണ് കൊന്നത്. ഒന്നും രണ്ടും വെട്ടല്ല. ചറപറാ ഇറച്ചിക്കട പോലെ വെട്ടുകയാണ്. അവരെ ശിക്ഷിച്ച് ഇല്ലാതാക്കുകയല്ല, നല്ല വഴിക്ക് കൊണ്ടുവരണം'- സലിം കുമാർ കൂട്ടിച്ചേർത്തു.





Similar Posts