< Back
Kerala
സാമ്പത്തിക ക്രമക്കേട് ആരോപണം; പി.കെ ശശിക്കെതിരെ അന്വേഷണം വേണമോ എന്ന കാര്യത്തിൽ തീരുമാനം പിന്നീട്
Kerala

സാമ്പത്തിക ക്രമക്കേട് ആരോപണം; പി.കെ ശശിക്കെതിരെ അന്വേഷണം വേണമോ എന്ന കാര്യത്തിൽ തീരുമാനം പിന്നീട്

Web Desk
|
17 Oct 2022 7:07 AM IST

മണ്ണാർക്കാട് ഏരിയാ കമ്മറ്റി യോഗത്തിൽ ശശിക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. എന്നാൽ ലോക്കൽ കമ്മിറ്റി യോഗത്തിലെ ഭൂരിഭാഗം പേരും ശശിയെ പിന്തുണച്ചു.

പാലക്കാട്: സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ പി.കെ ശശിക്കെതിരെ അന്വേഷണം വേണമോ എന്നകാര്യത്തിൽ സി.പി.എം തീരുമാനം പിന്നീട്. മണ്ണാർക്കാട് ഏരിയാ കമ്മറ്റി യോഗത്തിൽ ശശിക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. എന്നാൽ ലോക്കൽ കമ്മിറ്റി യോഗത്തിലെ ഭൂരിഭാഗം പേരും ശശിയെ പിന്തുണച്ചു.

യൂണിവേഴ്‌സൽ കോപറേറ്റീവ് കോളജിന്റെ ഓഹരി വാങ്ങിയതിലൂടെ സി.പി.എം നിയന്ത്രണത്തിലുള്ള ആറു ബാങ്കുകൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നാണ് പ്രധാന പരാതി. സി.പി.എം നേതൃത്വത്തെ അറിയിക്കാതെ സ്വന്തം ഇഷ്ട്ടപ്രകാരമാണ് പി.കെ ശശി എല്ലാ ഇടപാടുകളും നടത്തിയത്. സഹകരണ സ്ഥാപനങ്ങളിൽ ഇഷ്ടക്കാരെ നിയമിച്ചു തുടങ്ങിയ പരാതികളാണ് മണ്ണാർക്കാട് ഏരിയ കമ്മറ്റിയിലും, മണ്ണാർക്കാട് ലോക്കൽ കമ്മറ്റിയിലും ചർച്ച ചെയ്തത്. സാമ്പത്തിക ഇടപാടിൽ ശശിക്ക് ജാഗ്രത കുറവുണ്ടായെന്നും വിഷയം അന്വേഷിക്കണമെന്നും ഏരിയ കമ്മറ്റിയിൽ അഭിപ്രായം ഉയർന്ന് വന്നു.

പി.കെ ശശി ഏരിയാ കമ്മറ്റി യോഗത്തിന് വന്നെങ്കിലും മടങ്ങി പോകാൻ നേതൃത്വം നിർദേശിച്ചു. പി.കെ ശശിക്കെതിരെ പരാതി നൽകിയ ലോക്കൽ കമ്മറ്റി അംഗവും, നഗരസഭാ കൗൺസിലറുമായ മൻസൂറും, മറ്റൊരു അംഗവും ലോക്കൽ കമ്മറ്റി യോഗത്തിൽ ശശിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപെട്ടു. എന്നാൽ ഭൂരിഭാഗം അംഗങ്ങളും ശശിയെ പിന്തുണച്ചു. പരാതി സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത വരാൻ കാരണം മൻസൂറാണെന്നും മൻസൂറിനെതിരെ നടപടി വേണമെന്നും ആവശ്യപെട്ടു. പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു, സംസ്ഥാന കമ്മറ്റി അംഗം സി.കെ രാജേന്ദ്രൻ എന്നിവർ രണ്ട് യോഗങ്ങളിലും പങ്കെടുത്തു. യോഗങ്ങളിലെ വിവരങ്ങൾ ജില്ലാ കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്യും. തുടർന്നാണ് അന്വേഷണം വേണമോ എന്ന കാര്യം തീരുമാനിക്കുക.

Related Tags :
Similar Posts