< Back
Kerala
ഷാഫി പറമ്പിലിനെതിരായ   ഇ.എൻ സുരേഷ് ബാബുവിന്‍റെ അധിക്ഷേപം; കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്

ഇ.എൻ സുരേഷ് ബാബു-ഷാഫി പറമ്പിൽ Photo| MediaOne, Facebook

Kerala

ഷാഫി പറമ്പിലിനെതിരായ ഇ.എൻ സുരേഷ് ബാബുവിന്‍റെ അധിക്ഷേപം; കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്

Web Desk
|
2 Oct 2025 8:39 AM IST

കോടതിയുടെ അനുമതിയോടെ മാത്രമെ കേസെടുക്കാൻ കഴിയുവെന്നാണ് റിപ്പോർട്ട്

പാലക്കാട്: ഷാഫി പറമ്പിൽ എംപിക്കെതിരായ പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിന്‍റെ അധിക്ഷേപ പരാമർശത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന് പാലക്കാട് നോര്‍ത്ത് പൊലീസ്. കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മറ്റി പ്രസിഡന്‍റ് സി.വി സതീഷാണ് പരാതി നൽകിയത്. പാലക്കാട്‌ എഎസ്‍പിക്ക് നോർത്ത് സി ഐ റിപ്പോർട്ട്‌ സമർപ്പിച്ചു. ബി എൻ എസ് 356 പ്രകാരം അപകീർത്തി കേസ് നേരിട്ട് എടുക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്‌. കോടതിയുടെ അനുമതിയോടെ മാത്രമെ കേസെടുക്കാൻ കഴിയുവെന്നാണ് റിപ്പോർട്ട്.

സുരേഷ് ബാബുവിനെതിരെ പൊലീസ് കേസെടുക്കാത്തത് ഇരട്ടത്താപ്പെന്ന് കോൺഗ്രസ്‌ ചൂണ്ടിക്കാട്ടി. സുരേഷ് ബാബുവിനെ ഭയന്നാണ് സ്ത്രീകളെ അടക്കം ആക്ഷേപിക്കുന്ന പരാമർശം നടത്തിയിട്ടും കേസെടുക്കാത്തത്. വ്യക്തമായ തെളിവ് ഉണ്ടായിട്ടും പൊലീസ് അനങ്ങുന്നില്ല. കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്‍റ് സി.വി സതീഷ് പറഞ്ഞു.

അതേസമയം, ഷാഫി പറമ്പിലിനെതിരെ പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ചുനിൽക്കുകയാണെന്ന് ഇ.എൻ സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോൺഗ്രസുകാർക്ക് പരാതി കൊടുക്കുകയോ നിയമപരമായി മുന്നോട്ടുപോകുകയോ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ അനാവശ്യമായി കോലിട്ടിളക്കാൻ വന്നാൽ പ്രത്യാഘാതം അനുഭവിക്കാൻ പോകുന്നത് ആരായിരിക്കുമെന്ന് എല്ലാവർക്കും മനസിലാകുമെന്നും ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ അത് ഷാഫി പറമ്പിൽ വീണ് കാണാൻ ആഗ്രഹിക്കുന്നവരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് മുദ്രാവാക്യം കേട്ട് ചൂളിപ്പോകില്ലെന്നും സുരേഷ് ബാബു പറഞ്ഞു.

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നാണ് സുരേഷ് ബാബു പറഞ്ഞത്. ഷാഫിയും രാഹുലും ഇക്കാര്യത്തിൽ കൂട്ടുകച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തിൽ രാഹുലിന്‍റെ ഹെഡ്‍മാഷാണ് ഷാഫി പറമ്പിലെന്നും കോൺഗ്രസിലെ പല നേതാക്കളും രാഹുലിന്‍റെ അധ്യാപകരുമാണെന്നുമാണ് സുരേഷ് ബാബു പരിഹസിച്ചത്.



Similar Posts