
Photo | MediaOne
'സമരം അവസാനിപ്പിച്ചില്ലെങ്കിൽ പഠിപ്പ് നിര്‍ത്തിക്കും'; സമരം ചെയ്ത വിദ്യാർഥികളെ സിപിഎം ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് ആരോപണം
|ഇടുക്കി ഗവ. നഴ്സിങ് കോളജിലെ വിദ്യാര്‍ഥികളെയാണ് സി.വി വർഗീസ് ഭീഷണിപ്പെടുത്തിയത്
ഇടുക്കി: ഇടുക്കി ഗവൺമെന്റ് നഴ്സിങ് കോളജിൽ സമരം ചെയ്ത വിദ്യാർഥികളെ സിപിഎം ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തി എന്ന് ആരോപണം. സമരം അവസാനിപ്പിച്ചില്ലെങ്കിൽ പഠിപ്പ് അവസാനിപ്പിക്കുമെന്ന് സി.വി വർഗീസ് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വിളിച്ചു ചേർത്ത യോഗത്തിൽ അധ്യാപകരുടെ ജോലി കളയുമെന്നും വർഗീസ് ഭീഷണിപ്പെടുത്തി. കോളജ് പ്രിൻസിപ്പലും അധ്യാപകരും യോഗത്തിൽ പങ്കെടുത്തിരുന്നു. സമരം അവസാനിപ്പിക്കാൻ വേണ്ടിയായിരുന്നു യോഗം വിളിച്ചു ചേർത്തത്. കലക്ടറുടെ ഓഫീസിൽ നടത്താൻ നിശ്ചയിച്ചിരുന്ന യോഗം, കലക്ടർ ഇല്ലാത്തതിനാൽ ചെറുതോണിയിലുള്ള സിപിഎം ജില്ലാ സെക്രട്ടറിയുടെ ഓഫീസിലേക്ക് മാറ്റുകയായിരുന്നു. കോളജ് പ്രിൻസിപ്പൽ, രണ്ട് അധ്യാപകർ, പിടിഎ പ്രസിഡന്റ്, അഞ്ച് വിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഇടുക്കി ഗവ. നഴ്സിങ് കോളജിന് നഴ്സിങ് കൗൺസിൽ അംഗീകാരവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നഴ്സിങ് വിദ്യാർഥികൾ കോളജിന് മുമ്പിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് വിദ്യാർഥികൾ നാളുകളായി ആവശ്യപ്പെടുകയാണ്.