< Back
Kerala
pinarayi vijayan
Kerala

'ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം ഗൂഢാലോചന, സൂത്രധാരനെ കൈയോടെ പിടിച്ചു'; മുഖ്യമന്ത്രി

Web Desk
|
7 Oct 2023 10:52 AM IST

ഇതുപോലുള്ള എത്രയെത്ര കെട്ടിച്ചമക്കലുകൾ ഇനിയും വരാനിരിക്കുന്നെന്നും പിണറായി വിജയന്‍ പറഞ്ഞു

കണ്ണൂർ: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇല്ലാത്ത സംഭവം ഉണ്ടന്ന് വരുത്തി തീർക്കാനാണ് ശ്രമം. സൂത്രധാരനെ പൊലീസ് കൈയോടെ പിടിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ ധർമ്മടം മണ്ഡലത്തിലെ വെങ്ങാട് എൽ.ഡി.എഫ് കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഗൂഢാലോചനക്ക് പിന്നിൽ വ്യക്തികളും ചില മാധ്യമ സ്ഥാപനങ്ങളും ഉണ്ട്. രാഷ്ട്രീയ എതിരാളികളെ എങ്ങനെ തേജോവധം ചെയ്യാം എന്നാണ് ആലോചന. അത് പലയിടങ്ങളിൽനിന്ന് ആലോചിച്ച് തയ്യാറാക്കുകയാണ്. അങ്ങനൊരു വകുപ്പിനെതിരെ ഇല്ലക്കഥ വെച്ച് തെളിവുണ്ട് എന്ന മട്ടിൽ അവതരിപ്പിക്കുന്നു. ഞാൻ നേരെ പോയി കാശ് കൊടുത്തു എന്ന് പറഞ്ഞ് ഒരാൾ പ്രത്യക്ഷപ്പെടുകയാണ്. ഇത് കേള്‍ക്കുന്ന സമയത്ത് ആളുകൾ സ്വാഭാവികമായും തെറ്റിദ്ധരിക്കപ്പെടും. ഇതുപോലെ എത്ര കെട്ടിച്ചമക്കലുകൾ ഇനിയും വരാനിരിക്കുന്നു'. ഇത് ആദ്യത്തെയോ അവസാനത്തെയോ അല്ലെന്നും പിണറായി പറഞ്ഞു.

'96 ൽ താൻ പയ്യന്നൂരിൽ മത്സരിക്കുമ്പോ ഇതുപോലെ ഒരാൾ പ്രത്യക്ഷപ്പെട്ടു. തെരഞ്ഞെടുപ്പിന് ശേഷം താൻ മന്ത്രിയാകുമെന്ന് കണ്ട് ഒരാൾ കോടികൾ തനിക്ക് കൈ മാറി എന്നായിരുന്നു ആക്ഷേപം. കഥ മെനയുമ്പോൾ ഏതെല്ലാം തരത്തിൽ മെനയും എന്നതിന്റെ തെളിവാണിത്.അന്ന് അത് ഒറ്റപ്പെട്ട സംഭവമായിരുന്നു. ഇപ്പോൾ ഇത് വ്യാപകമായിരിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം പ്രചാരണങ്ങൾ ഉണ്ടായി. സ്വർണ കള്ളക്കടത്തായിരുന്നു അന്ന് ഉയർത്തി കൊണ്ടുവന്നത്. കേന്ദ്ര ഏജൻസികൾ ഇവിടെ വട്ടമിട്ടു പറക്കുന്ന സാഹചര്യം ഉണ്ടായി. യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് അവർ മനക്കോട്ട കെട്ടി. ആരൊക്കെ മന്ത്രിമാർ ആകണം എന്നുപോലും തീരുമാനിച്ചു. എന്നാൽ ജനങ്ങൾക്ക് എൽ ഡി എഫിനോടുള്ള വിശ്വാസ്യതയെ തകർക്കാൻ കഴിഞ്ഞില്ലെന്നും പിണറായി വിജയൻ പറഞ്ഞു.


Similar Posts