< Back
Kerala
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം: ആരോപണ വിധേയയായ ഡോക്‌ടറെ സ്ഥലം മാറ്റി
Kerala

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം: ആരോപണ വിധേയയായ ഡോക്‌ടറെ സ്ഥലം മാറ്റി

Web Desk
|
18 Feb 2026 1:11 PM IST

വിശദമായ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നൽകിയിരുന്നു

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചെന്ന ആരോപണത്തില്‍ ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി. വിശദമായ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നൽകിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെയാണ് ഇതിനായി നിയോഗിച്ചത്. ഇന്ന് തന്നെ അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി.

ഡോക്ടർക്ക് നിർബന്ധിത ലീവ് എടുക്കാൻ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് ഡയറക്ടർ രാവിലെ പറഞ്ഞിരുന്നു. ഡോക്ടർക്ക് എതിരെ മുമ്പും രണ്ട് പരാതികൾ കിട്ടിയിട്ടുണ്ട്. എല്ലാ പരാതികളും അന്വേഷിച്ച് നടപടിയെടുക്കും. ഇന്ന് മെഡിക്കൽ കോളജിൽ നിന്നുള്ള അന്വേഷണസംഘം ആശുപത്രിയിൽ എത്തുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഡോക്ടറെ പുറത്താക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിൻറെ മൃതദേഹം ഏറ്റെടുക്കില്ലെന്നും ഇവർ പറഞ്ഞു. നിരഞ്ജനയുടെ സിസേറിയൻ വൈകിയെന്നും ബന്ധുക്കൾ ആരോപിച്ചു.

പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് മരിച്ചത്. മുമ്പ് ആരോപണ വിധേയായ ഡോക്ടർ ബിന്ദു സുന്ദറുടെ നേതൃത്വത്തിൽ ആയിരുന്നു സിസേറിയൻ. സംഭവത്തിൽ സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

ബിന്ദു സുന്ദറിൻ്റെ കാർ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിരുന്നു. പോലീസ് എത്തി ഡോക്ടറെ പോലീസ് ജീപ്പിൽ കയറ്റി തിരികെ ആശുപത്രിയിൽ എത്തിച്ചത്. ഇന്നും വിവിധ സംഘടനകളുടെ പ്രതിഷേധം തുടർന്നു.

Similar Posts