< Back
Kerala
ambulance driver allegation against police after minister v sivankutty pilot vehicle hit ambulance
Kerala

'സോപ്പുപെട്ടി പോലുള്ള വണ്ടിയും കൊണ്ടാണോ നടക്കുന്നതെന്ന് ചോദിച്ചു': പൊലീസിനെതിരെ ആംബുലന്‍സ് ഡ്രൈവര്‍

Web Desk
|
13 July 2023 7:05 PM IST

ആരുപറഞ്ഞു മന്ത്രി വരുമ്പോള്‍ വണ്ടി കയറ്റിവെയ്ക്കാന്‍, ആരാണ് സിഗ്നല്‍ തന്നത് എന്നെല്ലാമാണ് പൊലീസുകാര്‍ ചോദിച്ചതെന്ന് ആംബുലന്‍സ് ഡ്രൈവര്‍

കൊല്ലം: കൊട്ടാരക്കരയിൽ മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായതിനു പിന്നാലെ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ആംബുലന്‍സ് ഡ്രൈവര്‍- "ഞാന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ എന്‍റെ ചേട്ടന്‍ പൊലീസ് സ്റ്റേഷനില്‍ പോയി. സോപ്പുപെട്ടി പോലത്തെ വണ്ടി കൊണ്ടാണോ റോഡില്‍ക്കൂടി നടക്കുന്നത്, കുപ്പത്തൊട്ടിയില്‍ കൊണ്ടുപോയി കളയെടാ എന്നു പൊലീസുകാര്‍ പറഞ്ഞു. ആരുപറഞ്ഞു മന്ത്രി വരുമ്പോള്‍ വണ്ടി കയറ്റിവെയ്ക്കാന്‍, ആരാണ് സിഗ്നല്‍ തന്നത് എന്നെല്ലാമാണ് പൊലീസുകാര്‍ ചോദിച്ചത്".

ഹോം ഗാര്‍ഡ് തനിക്ക് സിഗ്നല്‍ തന്നിരുന്നുവെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു. തന്‍റെ തലയില്‍ കുറ്റം ചുമത്താനാണ് പൊലീസ് ശ്രമിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗിയേക്കാള്‍ വലുതാണ് മന്ത്രി എന്നൊക്കെയാണ് പൊലീസ് പറയുന്നതെന്നും ആംബുലന്‍സ് ഡ്രൈവര്‍ ആരോപിച്ചു.

കൊട്ടാരക്കരയിൽ മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസുമായി കൂട്ടിയിടിച്ച് ആംബുലൻസിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കും പൊലീസ് ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് മറിഞ്ഞു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തില്‍പ്പെട്ടത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു മന്ത്രി വി ശിവൻകുട്ടി.

ആംബുലൻസ് ഡ്രൈവർ നിതിൻ, ആംബുലന്‍സിലുണ്ടായിരുന്ന രോഗി ദേവിക, ഭർത്താവ് അശ്വകുമാർ, ശൂരനാട് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ ബിജുലാൽ എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടം ശ്രദ്ധയിൽപ്പെട്ട മന്ത്രി വാഹനം നിർത്തി പൊലീസിനു വേണ്ട നിർദേശങ്ങൾ നൽകിയശേഷം തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നു. പൊലീസ് ഡ്രൈവർക്കും ആംബുലൻസ് ഡ്രൈവർക്കുമെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു.



Similar Posts