< Back
Kerala
Amoebic encephalitis
Kerala

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 12കാരന്റെ നില അതീവഗുരുതരം

Web Desk
|
28 Jun 2024 11:37 AM IST

ആറാഴ്ചക്കിടെ കേരളത്തില്‍ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ കേസാണിത്

കോഴിക്കോട്: പന്ത്രണ്ടുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് ഫാറൂഖ് കോളജ് സ്വദേശിയായ എട്ടാം ക്ലാസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. ആറാഴ്ചക്കിടെ കേരളത്തില്‍ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ കേസ് ആണ് ഇത്.

ഫാറൂഖ് കോളേജ് പരിസരത്തെ അച്ചംകുളത്തിൽ കുളിച്ചതിന് ശേഷമാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. പനിയും ജലദോഷവും തലവേദനയുമായി തുടങ്ങി രോഗലക്ഷണങ്ങൾ മൂർച്ഛിക്കുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടിയെന്ന് ഡോക്ടർമാർ അറിയിച്ചു.

കുട്ടിക്ക് രോഗലക്ഷണം കണ്ടുതുടങ്ങിയതിന് പിന്നാലെ ക്ളോറിനേഷൻ ചെയ്‌ത്‌ അച്ചംകുളം അടച്ചിരുന്നു. രാമനാട്ടുകര മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തു. രോഗലക്ഷണങ്ങളുള്ളവർ എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്നും നിർദേശിച്ചു. നിലവിൽ മറ്റാർക്കും രോഗലക്ഷണങ്ങൾ കാണാത്തത് ആശ്വാസകരമാണ്.

ഈ മാസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച കണ്ണൂർ സ്വദേശിനിയായ 13കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ അസുഖം കൂടുതലായതോടെ ജൂൺ 12 നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി, തലവേദ​ന, ഛർദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടി ചികിത്സയിൽ കഴിഞ്ഞത്. രോ​ഗത്തിന്റെ ഉറവിടം കണ്ടെത്താനായിരുന്നില്ല.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലിരിക്കെ അഞ്ചുവയസുകാരിയുടെ മരണവും സംസ്ഥാനത്തെ ഞെട്ടിച്ചതാണ്. കഴിഞ്ഞ മാസമായിരുന്നു സംഭവം. മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി ഫദ്‌വയാണ് മരിച്ചത്. മൂന്നിയൂറിലെ കുളത്തിൽ കുളിച്ചതിനെ തുടർന്നാണ് കുട്ടിക്ക് പനിയും തലവേദനയും പിടിപെടുകയും പിന്നീട് രോഗം മൂർച്ഛിക്കുകയും ചെയ്തത്.

മെഡിക്കൽ കോളജിൽ വച്ചാണ് ഫദ്വയ്ക്ക് അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. പല മരുന്നുകൾ നൽകി രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്ത്യയിൽ ഈ രോഗത്തിന് മരുന്നില്ലാത്തതിനാൽ പുറത്തുനിന്ന് എത്തിക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും അതിന് സാധിച്ചിരുന്നില്ല.

Similar Posts