
അമീബിക് മസ്തിഷ്ക ജ്വരം: അടിയന്തര പ്രമേയത്തിന് അനുമതി; സഭ നിർത്തിവെച്ച് ചർച്ച ചെയ്യും
|തുടർച്ചയായ രണ്ടാം ദിനമാണ് സഭയില്‍ അടിയന്തരപ്രമേയം ചർച്ചയ്ക്ക് വരുന്നത്
തിരുവനന്തപുരം:സംസ്ഥാനത്തെ അമീബിക് മസ്തിഷ്ക ജ്വരം സഭ നിർത്തിവെച്ച് ചർച്ച ചെയ്യും. എൻ.ഷംസുദീൻ എംഎൽഎയാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. 12 മണി മുതൽ രണ്ട് മണിക്കൂറാണ് ചർച്ച നടക്കുക. തുടർച്ചയായ രണ്ടാം ദിനമാണ് അടിയന്തരപ്രമേയം ചർച്ചയ്ക്ക് വരുന്നത്.രോഗങ്ങൾ തടയാൻ സർക്കാർ കാര്യക്ഷമമായ ഇടപെടൽ നടത്തുന്നില്ലെന്നാണ് നോട്ടീസിലെ ആക്ഷേപം.
അതേസമയം, സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശിയായ ഇരുപത്തിയേഴുകാരൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ട് മാസം മുൻപ് പ്രദേശത്തെ ഒരു നീന്തൽ കുളത്തിൽ കുളിച്ചിരുന്നു. പിന്നാലെ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ കോഴിക്കോട് ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11 ആയി. സംസ്ഥാനത്ത് ഈവർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 17 പേരാണ് മരിച്ചത്.
കഴിഞ്ഞദിവസം അമീബിക് മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് രണ്ടു പേര്‍ കൂടി മരിച്ചിരുന്നു. തിരുവന്തപുരം മുട്ടത്തറ സ്വദേശിയായ 52 വയസ്സുകാരിയും കൊല്ലം വെള്ളിനല്ലൂര്‍ സ്വദേശിയായ 91 വയസുകാരനുമാണ് മരിച്ചത്. ഈ മാസം 11 ന് ആയിരുന്നു ഇരുവരുടെയും മരണം.കഴിഞ്ഞദിവസവും രണ്ടുപേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചിരുന്നു.