< Back
Kerala
amoebic meningoencephalitis,kerala,kozhikode medical college,kozhikode,amoebic meningoencephalitiskerala,latest malayalam news
Kerala

ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; രോഗം പട്ടാമ്പി സ്വദേശിയായ 27കാരന്

Web Desk
|
17 Sept 2025 6:16 AM IST

സംസ്ഥാനത്ത് വർധിച്ചുവരുന്ന അമീബിക് മസ്തിഷ്കജ്വര മരണങ്ങൾ പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്കയേറ്റി ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശിയായ ഇരുപത്തിയേഴുകാരൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

രണ്ട് മാസം മുൻപ് പ്രദേശത്തെ ഒരു നീന്തൽ കുളത്തിൽ കുളിച്ചിരുന്നു. പിന്നാലെ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ കോഴിക്കോട് ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11 ആയി. സംസ്ഥാനത്ത് ഈവർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 17 പേരാണ് മരിച്ചത്.

കഴിഞ്ഞദിവസം അമീബിക് മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് രണ്ടു പേര്‍ കൂടി മരിച്ചിരുന്നു. തിരുവന്തപുരം മുട്ടത്തറ സ്വദേശിയായ 52 വയസ്സുകാരിയും കൊല്ലം വെള്ളിനല്ലൂര്‍ സ്വദേശിയായ 91 വയസുകാരനുമാണ് മരിച്ചത്. ഈ മാസം 11 ന് ആയിരുന്നു ഇരുവരുടെയും മരണം.കഴിഞ്ഞദിവസവും രണ്ടുപേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചിരുന്നു.

കുളത്തിലും നീന്തല്‍ക്കുളത്തിലും നീന്തുമ്പോള്‍ ശക്തമായി മൂക്കില്‍ വെള്ളം കയറുമ്പോഴാകാം രോഗകാരണമായ അമീബ ശരീരത്തിലേക്ക് പ്രവേശിക്കുന്നതെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ഒരു കുളത്തിലും കുളിക്കാത്ത മൂന്നു മാസമുള്ള കുട്ടിയും വീട്ടില്‍ മാത്രം കുളിച്ചവർക്കും രോഗം വന്നതോ സാഹചര്യം മാറി. രോഗ ബാധിതരുടെ എണ്ണം വർധിക്കുമ്പോഴും മരണ നിരക്ക് കുറഞ്ഞതാണ് ഏക ആശ്വാസം.

രാജ്യാന്തര തലത്തില്‍ അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ മരണ നിരക്ക് 97 ശതമാനമാണ്. എന്നാല്‍ കേരളത്തിലെ മരണ നിരക്ക് 24 ശതമാനം മാത്രമാണ്. എങ്ങനെ രോഗ ബാധ തടയാം എന്നതിലും വ്യക്തയുള്ള ഉത്തരങ്ങളില്ല.

അതേസമയം, സംസ്ഥാനത്ത് വർധിച്ചുവരുന്ന അമീബിക് മസ്തിഷ്കജ്വര മരണങ്ങൾ പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും.അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് നീക്കം. ആരോഗ്യവകുപ്പിന്റെ വീഴ്ച കൊണ്ടാണ് മരണം വർധിക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. ആഗോള അയ്യപ്പ സംഗമം,വൈദ്യുതി ലൈനിൽ നിന്ന് ഷോക്കറ്റുമുള്ള മരണം അടക്കമുള്ള വിഷയങ്ങൾ ചോദ്യോത്തരവേളയിൽ ഉന്നയിക്കപ്പെടും..ഗുരുവായൂർ ദേവസ്വം ഭേദഗതി ബിൽ ,കയർ തൊഴിലാളി ക്ഷേമ സെസ് ബിൽ എന്നിവയാണ് സഭ ഇന്ന് പരിഗണിക്കുന്നത്. ലോക്കപ്പ് മർദനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ രണ്ട് എംഎൽഎമാർ നടത്തുന്ന സത്യഗ്രഹ സമരം തുടരുകയാണ്.രാഹുൽ മാങ്കൂട്ടത്തിൽ ഇന്നും സഭയിൽ എത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Similar Posts