< Back
Kerala
കുഞ്ഞിരാമൻ അടക്കമുള്ള പ്രതികൾക്കായി ഉടൻ അപ്പീൽ നൽകും: പ്രതിഭാഗം അഭിഭാഷകൻ
Kerala

'കുഞ്ഞിരാമൻ അടക്കമുള്ള പ്രതികൾക്കായി ഉടൻ അപ്പീൽ നൽകും': പ്രതിഭാഗം അഭിഭാഷകൻ

Web Desk
|
3 Jan 2025 2:54 PM IST

ഇതിനുള്ള ഏർപ്പാടുകൾ അടിയന്തരമായി ചെയ്യുമെന്നും പ്രതിഭാ​ഗം അഭിഭാഷകൻ സി.കെ ശ്രീധരൻ

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ ശിക്ഷാവിധിയിൽ ഉടൻ അപ്പീൽ നൽകുമെന്ന് പ്രതിഭാ​ഗം അഭിഭാഷകൻ സി.കെ ശ്രീധരൻ. കുഞ്ഞിരാമൻ അടക്കമുള്ള നാല്‌ പ്രതികൾക്ക് വേണ്ടി വളരെ പെട്ടെന്ന് തന്നെ അപ്പീൽ നൽകും. ഒപ്പം മറ്റു ശിക്ഷിക്കപ്പെട്ട പ്രതികളുടെ അപ്പീലും ഫയൽ ചെയ്യുമെന്നും പ്രതിഭാഗം വക്കീൽ വ്യക്തമാക്കി. ഇതിനുള്ള ഏർപ്പാടുകൾ അടിയന്തരമായി ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

"കുഞ്ഞിരാമന് അഞ്ച് വർഷമാണ് ശിക്ഷ ലഭിച്ചത്. മൂന്ന് വർഷത്തിൽ കൂടുതലാണ് ശിക്ഷ എന്നതിനാൽ ഇപ്പോൾ ജാമ്യത്തിൽ ഇറക്കാൻ പറ്റില്ല. ഹൈക്കോടതിയിൽ നിന്ന് മാത്രമേ ശിക്ഷ റദ്ദാക്കി ജാമ്യത്തിൽ ഇറക്കാൻ സാധിക്കുകയുള്ളു. നിലവിൽ കുഞ്ഞിരാമന്റെ ജാമ്യം റദ്ദാക്കിയിട്ടുണ്ട്," സി.കെ ശ്രീധരൻ വ്യക്തമാക്കി.

2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത്‌ലാൽ (23), കൃപേഷ് (19) എന്നിവർ കാസർകോട്ടെ കല്യാട്ട് വെട്ടേറ്റു മരിച്ചത്. തുടക്കത്തിൽ ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരുന്നതെങ്കിലും മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ അടക്കം 10 പേരെ കൂടി സിബിഐ പ്രതിപ്പട്ടികയിൽ ചേർക്കുകയായിരുന്നു. പ്രമുഖ സിപിഎം നേതാക്കൾ ഉൾപ്പെടെ 14 പേരാണ് കേസിൽ കുറ്റക്കാരാണെന്ന് കഴിഞ്ഞ ശനിയാഴ്ച കൊച്ചി സിബിഐ കോടതി കണ്ടെത്തിയിരുന്നു. . ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 10,15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചത്.

Similar Posts