< Back
Kerala
ആനമണ്ടത്തരം; രാഷ്ട്രീയം ഉപജീവന മാര്‍ഗമെങ്കില്‍ പ്രശാന്തിന് പഠിക്കാം- പി.എസ്. പ്രശാന്തിനെതിരെ അനില്‍‌ അക്കര
Kerala

ആനമണ്ടത്തരം; രാഷ്ട്രീയം ഉപജീവന മാര്‍ഗമെങ്കില്‍ പ്രശാന്തിന് പഠിക്കാം- പി.എസ്. പ്രശാന്തിനെതിരെ അനില്‍‌ അക്കര

Web Desk
|
3 Sept 2021 5:39 PM IST

കോൺഗ്രസ് പുറത്താക്കിയ പി.എസ് പ്രശാന്ത് ഇന്ന് വൈകുന്നേരമാണ് സി.പി.എമ്മിൽ ചേർന്നത്.

ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റിനെ ചൊല്ലിയുണ്ടായ തർക്കങ്ങളെ തുടർന്ന് കോൺഗ്രസ് പുറത്താക്കിയതിന് പിന്നാലെ സിപിഎമ്മിൽ ചേർന്ന പി.എസ്. പ്രശാന്തിനെതിരെ മുൻ എംഎൽഎ അനിൽ അക്കര.

''ആനമണ്ടത്തരം രാഷ്ട്രീയം ഉപജീവന മാർഗമെങ്കിൽ, ആനന്ദകരമെങ്കിൽ പ്രശാന്തിന് പഠിക്കാം'' എന്നാണ് അനിൽ അക്കരയുടെ പ്രതികരണം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് യു.എഡി.എഫിന്റെ സീറ്റ് വിഭജനത്തെ പ്രകീർത്തിച്ച് പി.എസ്. പ്രശാന്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പും അനിൽ അക്കര പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

കോൺഗ്രസ് പുറത്താക്കിയ പി.എസ് പ്രശാന്ത് ഇന്ന് വൈകുന്നേരമാണ് സി.പി.എമ്മിൽ ചേർന്നത്. എ.കെ.ജി സെന്ററിൽ സി.പി.എം സെക്രട്ടറി എ.വിജയരാഘവൻ അദ്ദേഹത്തെ ഷാളണിയിച്ച് സ്വീകരിച്ചു. രാജ്യത്ത് ഒരു മതനിരപേക്ഷ സർക്കാർ വരണമെന്നാണ് കോൺഗ്രസ് അല്ലാത്ത എല്ലാവരും ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനെ ബാധിച്ച സംഘടനാ രോഗങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധിക്ക് കത്തയച്ചതിനാണ് തന്നെ പുറത്താക്കിയത്. പ്രാദേശിക നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെ ഏകാധിപത്യത്തോടെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് പെരുമാറുന്നത്. സ്റ്റേറ്റ് മാഫിയ കൂട്ടുകെട്ടിന്റെ കയ്യിലാണ് പാർട്ടി. അതിന് നേതൃത്വം നൽകുന്നവരെയാണ് പുതിയ ഡി.സി.സി പ്രസിഡന്റുമാരായി നിയമിച്ചതെന്നും പ്രശാന്ത് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട്ടെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു പി.എസ്.പ്രശാന്ത്. ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ പി.എസ്.പ്രശാന്ത് പാർട്ടിക്കുള്ളിൽ പാലോട് രവിക്കെതിരെ കലാപക്കൊടി ഉയർത്തിയിരുന്നു. കെ.സി.വേണുഗോപാലിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹം രാഹുൽ ഗാന്ധിക്ക് കത്തയച്ചിരുന്നു. വേണുഗോപാൽ ബിജെപി ഏജന്റാണെന്നും കോൺഗ്രസിനെ തകർക്കുന്നുവെന്നും പ്രശാന്ത് ആരോപിച്ചിരുന്നു. തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി തിരഞ്ഞെടുത്ത പാലോട് രവിക്കെതിരെയും പ്രശാന്ത് രംഗത്തെത്തിയിരുന്നു.

Similar Posts