< Back
Kerala
അനിത പുല്ലയിലിന്റെ സഭാ പ്രവേശനം:  നാല് കരാർ ജീവനക്കാർക്കെതിരെ നടപടി
Kerala

അനിത പുല്ലയിലിന്റെ സഭാ പ്രവേശനം: നാല് കരാർ ജീവനക്കാർക്കെതിരെ നടപടി

Web Desk
|
24 Jun 2022 10:38 AM IST

ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള പാസുമായാണ് അനിത എത്തിയതെന്ന് സ്പീക്കര്‍

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ ആരോപണ വിധേയയായ പ്രവാസി മലയാളി അനിത പുല്ലയില്‍ നിയമസഭയിലെത്തിയ സംഭവവുമായി ബന്ധപ്പെട്ട് നാല് പേർക്കെതിരെ നടപടിയെടുത്തതായി സ്പീക്കർ എം.ബി രാജേഷ്. സഭ ടിവിയുടെ കരാർ ജീവനക്കാരെ ചുമതലയിൽ നിന്നും നീക്കിയതായും സ്പീക്കർ പറഞ്ഞു. ഫസീല,വിപുരാജ്,പ്രവീൺ, വിഷ്ണു എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.ബി ക്രെറ്റ് സൊല്യൂഷന്‍ ജീവനക്കാരാണ് ഇവർ.

'ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള പാസുമായാണ് അനിത എത്തിയത്. സഭ ടിവിയുടെ സാങ്കേതിക സേവനം നൽകുന്ന ടീമിലെ ജീവനക്കാരിയോടൊപ്പമാണ് കയറിയത്. നിയമസഭ സെക്രട്ടറിയേറ്റിലെ ഒരു ജീവനക്കാരും ഇവരെ കൊണ്ടുവന്നതല്ല. അവര്‍ സഭവളപ്പില്‍ കയറിയത് വീഴ്ചയാണ്. ഓപ്പണ്‍ ഫോറം പാസ് അനിത പുല്ലയില്‍ ദുരുപയോഗം ചെയ്തു. വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ഉത്തരവാദികൾക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. പാസില്ലാതെ കയറിയവർക്കെതിരെ കേസെടുത്ത അനുഭവമില്ല. അക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാച്ച് ആന്റ് വാർഡിന് അനിതയെ അറിയില്ലായിരുന്നു. ഇതും വീഴ്ചയാണെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ലോകകേരള സഭ പരിസരത്ത് അനിത എത്തിയിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഇടനാഴിയിൽ കയറിയതും സഭ ടി വി റൂമിൽ കയറിയതും പരിശോധിച്ചിട്ടുണ്ട്. സിസി ടി വി അടക്കം പരിശോധിച്ചു. 500 പാസുകളാണ് ഓപ്പൺ ഫോറത്തിനായി ആകെ വിതരണം ചെയ്തിരുന്നു. ഓരോരുത്തർക്കും പ്രത്യേകം പാസ് നൽകിയിരുന്നില്ല. ഇത് പൊതു ജനത്തിന് കൊടുത്ത പാസായിരുന്നെന്നും സ്പീക്കർ പറഞ്ഞു.

Similar Posts